തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രൻ എത്തിയതോടെ സംസ്ഥാന ബിജെപിയിൽ കലാപം. കെ സുരേന്ദ്രന്‍റെ നേതൃത്വത്തെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് പികെ കൃഷ്ണദാസ് പക്ഷ നേതാക്കളെല്ലാം. കെ സുരേന്ദ്രന് കീഴിൽ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികൾ ഏറ്റെടുക്കാനുമില്ലെന്ന ഉറച്ച തീരുമാനം അനുനയ ചര്‍ച്ചകളിലും ആവര്‍ത്തിക്കുകയാണ് എഎൻ രാധാകൃഷ്ണനും എംടി രമേശും അടക്കുമുള്ള നേതാക്കൾ. മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭ സുരേന്ദ്രനും കടുത്ത പ്രതിഷേധത്തിലാണ്.

ഗ്രൂപ്പ് നോക്കിമാത്രം മണ്ഡലം, ജില്ലാ പ്രസിഡണ്ടുമാരെ തീരുമാനിക്കുന്നുവെന്ന പരാതി ദേശീയ നേതൃത്വത്തിന് മുന്നിൽ ഉന്നയിക്കാനൊരുങ്ങുകയാണ് കൃഷ്ണദാസ് പക്ഷം. കാസർക്കോട് രവീശതന്ത്രി കുണ്ടാര്‍ ഉയർത്തിയ പരസ്യ വിമർശനവും സുരേന്ദ്രനെതിരെ ആയുധമാക്കാനാണ് നീക്കം. കെസുരേന്ദ്രന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടുനിന്ന മറ്റൊരു ജനറൽ സെക്രട്ടറിയായ ശോഭാ സുരേന്ദ്രനും അതൃപ്തയാണ്. നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ചിലരെ മാറ്റാൻ മുരളീപക്ഷത്തിന് ആലോചനയുണ്ട്. പക്ഷെ മൂന്ന് പേരും ഒരുമിച്ച് മാറിനിന്നാൽ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് മുരളീധരവിഭാഗത്തിന്‍റെ വിലയിരുത്തൽ. ദേശീയ നേതൃത്വത്തിൻറെ ഒത്ത് തീർപ്പ് ശ്രമങ്ങൾ ഇനിയും തുടരാനാണ് സാധ്യത.

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിച്ച് ദേശീയ നേതൃത്വത്തിന്‍റെ പ്രഖ്യാപനം വന്ന നിമിഷത്തിൽ തുടങ്ങിയ അതൃപ്തിയാണ് ദിവസങ്ങൾക്ക് ശേഷവും പരിഹാരം കണ്ടെത്താനാകാതെ നീളുന്നത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രന് ഒപ്പം പരിഗണിച്ചിരുന്ന എഎൻ രാധാകൃഷ്ണനും, എംടി രമേശും, ശോഭാ സുരേന്ദ്രനും അടക്കമുള്ളവര്‍ പാര്‍ട്ടി പദവികൾ ഉപേക്ഷിക്കുകയാണെന്ന് അധികം വൈകാതെ പ്രഖ്യാപിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നടന്ന കെ സുരേന്ദ്രന്‍റെ സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ പോലും നേതാക്കളുടെ പെരുമാറ്റം വലിയ ചര്‍ച്ചയുമായി. എഎൻ രാധാകൃഷ്ണനും എംടി രമേശും ഇടക്ക് വന്ന് പോയെങ്കിലും ശോഭ സുരേന്ദ്രൻ ചടങ്ങ് പൂര്‍ണ്ണമായും ബഹിഷ്കരിക്കുകയും ചെയ്തു. 

തുടര്‍ന്ന് വായിക്കാം: കെ സുരേന്ദ്രൻ സ്ഥാനമേറ്റു; ബിജെപിയിൽ പുതുയുഗ പിറവിയെന്ന് വി മുരളീധരൻ, വിട്ടുനിന്ന് നേതാക്കൾ... 

പാര്‍ട്ടിക്കകത്തെ എതിര്‍പ്പുകൾ ശക്തമാകുന്ന സാഹചര്യത്തിൽ ദേശീയ നേതൃത്വത്തിന്‍റെ കൂടി അറിവോടെ അനുനയനീക്കങ്ങളും സജീവമാണ്, സംഘടനാ ചുമതലയുള്ള ദേശീയ ജനൽസെക്രട്ടറി ബിഎൽ സന്തോഷ് എഎൻ രാധാകൃഷ്ണൻ അടക്കമുള്ളവരോട് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ പാര്‍ട്ടി പദവികൾ ഏറ്റെടുക്കാൻ താൽപര്യം ഇല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തനായി തുടരാനാണ് തീരുമാനമെന്നുമാണ് എഎൻ രാധാകൃഷ്ണൻ പ്രതികരിച്ചതെന്നാണ് വിവരം 

തുടര്‍ന്ന് വായിക്കാം:  പഠിച്ചത് രസതന്ത്രം പയറ്റിത്തെളിയാൻ രാഷ്ട്രീയം; കെ സുരേന്ദ്രൻ ബിജെപിയെ നയിക്കാനെത്തുമ്പോൾ... 

പിഎസ് ശ്രീധരൻ പിള്ള സ്ഥാനമൊഴിഞ്ഞ ശേഷം മാസങ്ങളായി ഒഴിഞ്ഞു കിടന്ന സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രൻ എത്തുമ്പോൾ വലിയ വെല്ലുവിളികളാണ് കാത്തിരിക്കുന്നത്. പാര്‍ട്ടിയും സംഘടനയും ഒരു പോലെ ശക്തിപ്പെടുത്തിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് കെ സുരേന്ദ്രന് മുന്നിലുള്ളത്. കുട്ടനാട് ഉപതെരഞ്ഞെടുപ്പും തദ്ദേശ ഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുമെല്ലാം ഒരു വശത്ത്.

കെ സുരേന്ദ്രന്‍റെ സ്ഥാനാരോഹണത്തോടെ അതൃപ്തരായ പികെ കൃഷ്ണദാസ് പക്ഷ നേതാക്കളെ കൂട്ടിയിണക്കി സംഘടനാ സംവിധാനത്തെ കൊണ്ട് പോകേണ്ട ചുമതല മറുവശത്തും. സംഘടനാ പ്രശ്നങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് ബിജെപി ഒറ്റടീമാണെന്ന പ്രതികരണമാണ് കെ സുരേന്ദ്രന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്