കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നത് റീഷയുടെ അമ്മയും അച്ഛനും ഇളയമ്മയും മൂത്ത മകളുമായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം ഓടുന്ന കാറിന് തീപിടിച്ച് ​ഗർഭിണിക്കും ഭർത്താവിനും ദാരുണാന്ത്യം. കുറ്റ്യാട്ടൂർ സ്വദേശി റീഷ, പ്രജീത്ത് എന്നിവരാണ് മരിച്ചത്. പിൻസീറ്റിലിരുന്ന കുട്ടിയടക്കം നാലുപേർ രക്ഷപ്പെട്ടു. പ്രസവ വേദനയെ തുടർന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. രാവിലെ 10.40നാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. ഷോർട്ട് സർക്യൂട്ടാകാം കാറിന് തീപിടിക്കാൻ കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. പൂർണ്ണ​ഗർഭിണിയായ റീഷയെ അഡ്മിറ്റാക്കാൻ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Read More: ഓടുന്ന വണ്ടിക്ക് തീ പിടിച്ചാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും..

ജില്ലാ ആശുപത്രിക്ക് സമീപം വെറും 200 മീറ്റർ മാത്രം അപ്പുറത്ത് ഫയർ സ്റ്റേഷന്റെ തൊട്ടടുത്തായാണ് അപകടം ഉണ്ടായത്. ഫ്രണ്ട് ഡോർ ലോക്കായിരുന്നത് കൊണ്ട് റീഷക്കും പ്രജീത്തിനും ഇറങ്ങാൻ പറ്റിയില്ല. അവരെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ആൾ പറയുന്നു. 'പ്രാണവേദനകൊണ്ട് അയാൾ വിളിക്കുന്നുണ്ടായിരുന്നു. പക്ഷേ ഒന്നും ചെയ്യാൻ പറ്റിയില്ല.' പ്രദേശവാസിയായ വ്യക്തി പറയുന്നു. 'തീ കൊണ്ട് അങ്ങോട്ട് അടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. അപ്പോഴേക്കും ഫയർഫോഴ്സിലേക്ക് ഒരാൾ ഓടി.' അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ.

Read More: കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ചതിന് പിന്നില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന് എംവിഡി

കാറിന്റെ പിൻസീറ്റിലുണ്ടായിരുന്നത് റീഷയുടെ അമ്മയും അച്ഛനും ഇളയമ്മയും മൂത്ത മകളുമായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അവർക്ക് പ്രജീത്ത് കാറിന്റെ ഡോർ തുറന്നു കൊടുക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. 

പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക്; ജീവൻ കവർന്ന് അപകടം| Car Accident