തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മൊഴി നൽകുന്നതുമായി ബന്ധപ്പെട്ട് വധഭീഷണി നേരിടുന്നുവെന്ന സ്വപ്ന സുരേഷിൻ്റെ ആരോപണം തള്ളി ഡിഐജിയുടെ റിപ്പോർട്ട്. സ്വപ്നയുടെ ആരോപണത്തിൻ്റെ പശ്ചാത്തലത്തിൽ ജയിൽ മേധാവി ഋഷിരാജ് സിംഗ് ആണ് ഡിഐജി അജയകുമാറിനോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. സ്വപ്നയെ ജയിലിൽ പോയി കണ്ടും സന്ദർശക രജിസ്റ്റർ പരിശോധിച്ചും അജയകുമാർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് ജയിലിൽ വച്ച് ആരും സ്വപ്നയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നത്. 

അതേസമയം സ്വപ്ന സുരേഷ് ഭീഷണി നേരിട്ടു എന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണെന്ന് ജയിൽ ഡിഐജി ഋഷിരാജ് സിംഗ് പറഞ്ഞു.  അട്ടക്കുളങ്ങര ജയിലിൽ എത്തും മുൻപ് മറ്റു ജയിലുകളിലും സ്വപ്ന സുരേഷ് കഴിഞ്ഞിരുന്നു. എറണാകുളത്തേയും തൃശ്ശൂരിലേയും ജയിലുകളിൽ സ്വപ്നയെ പാ‍ർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവിടെയൊക്കെ വിശദമായ അന്വേഷണം ആവശ്യമാണ്. സ്വപ്ന മൂന്നോ നാലോ ജയിലുകളിൽ കഴിഞ്ഞിട്ടുണ്ട് ഇവിടെയൊക്കെ പരിശോധന നടത്തിയ ശേഷം വിവരം നിങ്ങളെ അറിയിക്കാം - തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട ഋഷിരാജ് സിംഗ് പറഞ്ഞു. 

സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതി മജിസ്ട്രേറ്റിന് മുൻപാകെയാണ് തനിക്ക് ജയിലിൽ ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞത്. ഇതേ തുടർന്ന് സ്വപ്നയുടെ വാക്കുകൾ അവിശ്വസിക്കേണ്ടതില്ലെന്ന നിഗമനത്തോടെ സ്വപ്നയ്ക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കാൻ കോടതി ജയിൽ മേധാവിയോടും ഡിജിപിയോടും നിർദേശിച്ചത്.

കോടതിയുടെ ഈ നിർദേശത്തിന് പിന്നാലെയാണ് ജയിൽ മേധാവി അന്വേഷണത്തിന് ഉത്തരവിട്ടത്. പുറത്ത് നിന്നും വിജിലൻസ് ഉദ്യോഗസ്ഥരും കേന്ദ്ര അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥരും അഞ്ച് ബന്ധുക്കളും അല്ലാതെ ആരും തന്നെ സ്വപ്നയെ ജയിലിൽ വന്നു കണ്ടിട്ടില്ല. മാത്രമല്ല തനിക്ക് ജയിലിൽ ഭീഷണിയുണ്ടെന്ന് താൻ കോടതി മുൻപാകെ മൊഴി നൽകിയിട്ടില്ലെന്നും അഭിഭാഷകൻ നൽകിയ രേഖകളിൽ ഒപ്പിട്ട് കൊടുക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന ഡിഐജിക്ക് നേരിട്ട് മൊഴി നൽകിയിട്ടുണ്ട്. 

ജയിൽ ഐജിയുടെ അന്വേഷണ റിപ്പോർട്ട് വന്നതോടെ ആരാണ് കള്ളം പറയുന്നത് എന്നതിനെ ചൊല്ലിയുള്ള വിവാദം ശക്തിപ്പെടും. ജയിലിനുള്ളിൽ തൻ്റെ ജീവന് ഭീഷണിയുണ്ടെന്നാണ് കോടതിയിൽ സ്വപ്ന പറഞ്ഞത്. എന്നാൽ ജയിൽ ഡിഐജിക്ക് നൽകിയ മൊഴിയിൽ അവർ ഇക്കാര്യം നിഷേധിക്കുകയും ചെയ്യുന്നു. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ താൻ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ജയിൽ ഡിഐജിയോട് സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. 

എറണാകുളത്തെ കോടതിയിൽ രേഖാമൂലമാണ് ഭീഷണി നേരിടുന്ന കാര്യം സ്വപ്ന ആദ്യം ഉന്നയിക്കുന്നത്. തുടർന്ന് ഇതേക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി സ്വപ്നയോട് ചോദിച്ചു. പ്രതിക്കൂട്ടിൽ നിന്ന സ്വപ്ന ജഡ്ജിക്ക് അരികിൽ എത്തി തൻ്റെ പരാതി നേരിട്ട് ജഡ്ജിക്ക് മൊഴിയായി നൽകി. ഈ മൊഴി ജഡ്ജി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

തനിക്ക് നിരവധി ഭീഷണികളുണ്ട്. പൊലീസെന്നും ജയിൽ ഉദ്യോഗസ്ഥരെന്നും പറഞ്ഞാണ് ചിലർ തൻ്റെയടുത്ത് വന്നത്. കേസിൽ ഉൾപ്പെട്ട ഉന്നത രാഷ്ട്രീയ ഉദ്യോഗസ്ഥരുടേയും നേതാക്കളുടേയും പേരുകൾ പറയാൻ പാടില്ല. കോടതിയിൽ രഹസ്യമൊഴി ഒന്നും കൊടുക്കാൻ പാടില്ല. ജയിലിന് പുറത്തുള്ള സ്വപ്നയുടെ കുടുംബത്തെ തങ്ങൾ വേട്ടയാടുമെന്നും വേണമെങ്കിൽ സ്വപ്നയെ വകവരുത്താൻ വരെ തങ്ങൾക്ക് കഴിയുമെന്നും നവംബർ 25-വരെ പലതവണ തനിക്ക് ഇത്തരം ഭീഷണികൾ പലവട്ടം ലഭിച്ചുവെന്നും സ്വപ്ന കോടതിയിൽ മൊഴിയിലുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇതു വളരെ ഗൌരവമുള്ള വിഷയമാണെന്നും സ്വപ്നയുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചത്.