തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ പ്രവ‍ർത്തനങ്ങളിൽ മാറ്റം വരുത്തി പൊലീസ്. ഗൗരവമേറിയ പരാതിയിൽ മാത്രമേ ഇനി മുതൽ അറസ്റ്റ് പാടുള്ളൂ എന്നാണ് ഡിജിപിയുടെ നിർദ്ദേശം. വയനാട്ടിൽ കഞ്ചാവ് കേസിലെ പ്രതിയിൽ നിന്നും പൊലീസുകാർക്ക് കോവിഡ്-19 പടർന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് പൊലീസിന്‍റെ പ്രവർ‍ത്തനങ്ങളിൽ അടിമുടിമാറ്റം. ഇനി മുതൽ ഗൗരവമേറിയ പരാതിയിൽ മാത്രമായിരിക്കും അറസ്റ്റ്. പ്രതിക്ക് ഉടൻ വൈദ്യ പരിശോധന നടത്തണം. അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസുകാർ മാസ്ക്കും കൈയുറയും ധരിക്കണം. അകലം പാലിച്ചുമാത്രമാകണം ചോദ്യം ചെയ്യൽ. സ്റ്റേഷനിൽ 50 ശതമാനം പൊലീസുകാർ മാത്രമായിരിക്കും ഉണ്ടാകുക. ഏഴ് ദിവസം ജോലി ഏഴു ദിവസം വിശ്രമം. എല്ലാ വാഹനങ്ങളും തടഞ്ഞു പരിശോധിക്കേണ്ടതില്ല. 

നിരത്തിൽ ജോലി ചെയ്യുന്ന പൊലീസുകാർ മുഖാവരണം ധരിക്കുമ്പോള്‍ തൊപ്പി ധരിക്കണമെന്ന് നിർ‍ബന്ധമില്ല. യോഗങ്ങളും പരാതിയുമെല്ലാം ഓണ്‍ലൈൻ വഴി. മൊഴിയെടുക്കുന്നതും വീഡിയോ കോള്‍ വഴിയാകണമെന്നും നിർദ്ദേശിച്ചു. എഡിജിപി മനോജ് എബ്രഹാം അധ്യക്ഷനായ സമിതിയാണ് നിർദ്ദേശങ്ങള്‍ തയ്യാറാക്കിയത്. വേനലവധിക്ക് ശേഷം തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്ന കോടതികളുടെ പ്രവത്തനങ്ങളിലും മാറ്റമുണ്ട്. വീഡിയോ കോൺഫറൻസ് വഴിയാകും റിട്ട് ഹർജികളും ജാമ്യാപേക്ഷകളും സ്വകീരിക്കുക. 

ജഡ്ജി അടക്കം പത്ത് പേരിൽ കൂടുതൽ കോടതി മുറിയിൽ ഉണ്ടാകരുതെന്ന് കീഴ്ക്കോടതികള്‍ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ ഒഴികെ കീഴ്കോടതികളിൽ വ്യക്തികളോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഇനി മുതൽ കൊവിഡ് പരിശോധനക്ക് ശേഷം റിമാൻഡ് പ്രതികളെ ജയിലേക്ക് കൊണ്ടുവന്നാൽ മതിയെന്ന് ജയിൽ മേധാവി ഋഷിരാജ് സിംഗും നിർ‍ദ്ദേശം നൽകി. വൈദ്യ പരിശോധനയ്ക്ക് ശേഷം നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കണം. പരിശോധന ഫലം നെഗറ്റീവായാൽ മാത്രം ജയിയിലോട്ട് മാറ്റണം.