Asianet News MalayalamAsianet News Malayalam

ലഹരിക്കടത്ത് തടയാനാകാത്തതിന് കാരണം ഏജൻസികൾ തമ്മിലെ ഏകോപനമില്ലായ്മ: ഋഷിരാജ് സിംഗ്

ലഹരിക്കടത്ത് സംഘങ്ങൾ ഒറ്റുമ്പോഴും മറ്റിടങ്ങളിൽ നിന്ന് വിവരം കിട്ടുമ്പോഴുമുള്ള റെയ്ഡിൽ മാത്രം ഒതുങ്ങുകയാണ് എക്സൈസിന്റെ ഇടപെടൽ

Rishiraj singh says lack of cordination between agencies helps drug mafia
Author
First Published Nov 10, 2022, 4:55 PM IST

തിരുവനന്തപുരം: ലഹരിക്കടത്ത് തടയാൻ കേരളത്തിലും കേന്ദ്രത്തിലുമായുള്ള പത്തോളം ഏജൻസികൾ തമ്മിൽ ഒരു ഏകോപനവും ഇല്ലാത്തതാണ് തിരിച്ചടിയെന്ന് ഋഷിരാജ് സിംഗ്. ഉദ്യോഗസ്ഥന് ബംഗളൂരുവിൽ പോയി പ്രതിയെ പിടികൂടാനുള്ള അനുമതി കിട്ടാൻ ആഴ്ചകളെടുക്കും. അപ്പോഴേക്കും പ്രതി രക്ഷപ്പെടും. ലഹരിയുടെ അധോലോകം വെളിവാക്കിയ റോവിംഗ് റിപ്പോർട്ടർ പരമ്പര ശക്തമായ ഇടപെടലാണെന്നും മുൻ എക്സൈസ് കമ്മീഷണർ കൂടിയായ ഋഷിരാജ് സിംഗ് പറഞ്ഞു.

കേരളത്തിലെത്തുന്ന കോടികളുടെ രാസ ലഹരിയുടെ 10 ശതമാനം പോലും പിടികൂടാൻ കേരളത്തിലെ അന്വേഷണ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്ന് നേരത്തെ റോവിംഗ് റിപ്പോർട്ടർ പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ലഹരിക്കടത്ത് സംഘങ്ങൾ ഒറ്റുമ്പോഴും മറ്റിടങ്ങളിൽ നിന്ന് വിവരം കിട്ടുമ്പോഴുമുള്ള റെയ്ഡിൽ മാത്രം ഒതുങ്ങുകയാണ് എക്സൈസിന്റെ ഇടപെടൽ. ഫലപ്രദമായ സൈബർ വിങ്ങ് ഇല്ലാത്തതും കേന്ദ്ര ഏജൻസികൾ തമ്മിലുള്ള ഏകോപനക്കുറവും തിരിച്ചടിയാകുമ്പോൾ ലഹരിക്കടത്ത് സംഘങ്ങൾ ഒരു ഭയവുമില്ലാതെ സംസ്ഥാനത്ത് വിലസുന്നു.

നടക്കാവ് പൊലീസ് സ്റ്റേഷന്റെ ഇരുന്നൂറ് മീറ്ററിപ്പുറം എംഡിഎംഎ വിൽക്കുന്നയാളുടെ ദൃശ്യവും  പേരും വിലാസവും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. ജോബിൻ നടത്തുന്ന ഹോസ്റ്റലിൽ ഒരു വണ്ടി എക്സൈസ് ഉദ്യോഗസ്ഥരെത്തി റെയ്ഡ് നാടകം നടത്തി മടങ്ങി.

രാസ ലഹരി  വിൽപനക്കാരെ പിടികൂടിയാൽ തന്നെ അവരോട് സാധനം വാങ്ങുന്നവരെ കണ്ടെത്തി ആ ചങ്ങല തകർക്കാൻ ശ്രമങ്ങൾ ഉണ്ടാകാറില്ല. രാസലഹരി എത്തിക്കുന്ന ഇതര സംസ്ഥാനത്തുള്ള റാക്കറ്റിലേക്ക് അന്വേഷണം നീങ്ങുന്നുമില്ല. ഏജൻസികൾ തമ്മിലെ ഏകോപനക്കുറവാണ് ഇതിന് കാരണമെന്നാണ് ഋഷിരാജ് സിംഗ് വ്യക്തമാക്കുന്നത്. ഇൻസ്റ്റഗ്രാമും വാട്സാപ്പ്ഗ്രൂപ്പുമടക്കം ഓൺലൈൻ ലോകത്ത് മയക്കുമരുന്ന് ശ്യംഘല വ്യാപകമാണ്. കൊച്ചിയിൽ വാടകയ്ക്ക് എടുത്ത ഫ്ലാറ്റുകളിലും ഹോട്ടൽ മുറികളിലുമാണ് ലഹരിപ്പാർട്ടികൾ നടക്കുന്നത്.

Follow Us:
Download App:
  • android
  • ios