പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപി ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
തിരുവനന്തപുരം: രാജ്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരായ അന്വേഷണത്തില്‍ കുറ്റക്കാരുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപി ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. നാലുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ജയിൽവകുപ്പ് ഡിഐജി സാം തങ്കയ്യനാണ് അന്വേഷണ ചുമതല.
ഹരിത ഫൈനാൻസ് ചിട്ടി തട്ടിപ്പിൽ പ്രതിയാക്കി രാജ്‍കുമാറിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്യുന്നത് ജൂൺ 12-നാണ്. എന്നാല്‍ രാജ്‍കുമാറിനെ കോടതിയില്‍ ഹാജരാക്കിയത് ജൂണ്‍ 15 നും. ജൂണ്‍ 16-ന് രാത്രി 9.30-നു രാജ്‍കുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ ജൂണ്‍ 21 ന് എത്തിച്ച രാജ്‍കുമാര്‍ ഇവിടെ വച്ച് മരിക്കുകയായിരുന്നു.
പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രാജ്കുമാറിന്‍റെ കുടുംബത്തിന്‍റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പോസ്‍റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലും രാജ്‍കുമാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് സ്ഥിരീകരിച്ചിരുന്നു. മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക മുറിവുകള്‍ മൂര്‍ച്ഛിച്ചുണ്ടായ ന്യുമോണിയയാണ് രാജ്കുമാറിന്‍റെ മരണകാരണമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്.
