പദ്ധതിയുടെ ഗുണദോഷങ്ങൾ എൽഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല.നേരിട്ട് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുപോയി തീരുമാനമെടുത്തത് ശരിയായില്ല

പത്തനംതിട്ട: പാലക്കാട്ടെ ബ്രൂവറി അുനമതിയില്‍ കടുത്ത അതൃപ്തി പരസ്യമാക്കി ആർജെഡി രംഗത്ത്. പുതിയ മദ്യനയം എൽഡിഎഫിൽ ചർച്ച ചെയ്യണമായിരുന്നു. അത് ചർച്ച ചെയ്യാതെ എക്സൈസ് മന്ത്രി ഒറ്റയ്ക്ക് തീരുമാനം എടുത്തത് ശരിയല്ലെന്നും ആർജെഡി തുറന്നടിച്ചു. പദ്ധതിയുടെ ഗുണദോഷങ്ങൾ എൽഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. നേരിട്ട് മന്ത്രിസഭാ യോഗത്തിൽ കൊണ്ടുപോയി തീരുമാനമെടുത്തത് ശരിയായില്ലന്ന് ആർജെഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

എൽഡിഎഫ് കൺവീനർക്കെതിരെയും ആർജെഡി വിമര്‍ശനം ഉന്നയിച്ചു. നിലവിലെ എൽഡിഎഫ് കൺവീനർ മുൻ എക്സൈസ് മന്ത്രി ആയിരുന്ന ആളാണ്. ടി.പി രാമകൃഷ്ണന് നടപടിക്രമങ്ങൾ അറിയാത്തത് അല്ല. ബ്രൂവറി വിവാദം ചർച്ച ചെയ്യാൻ ഞായറാഴ്ച തിരുവനന്തപുരത്ത് അടിയന്തര യോഗം ചേരുമെന്നും ആർജെഡി നേതൃത്വം വ്യക്തമാക്കി. പാർട്ടിക്ക് മന്ത്രി ഇല്ലാത്തതിനാൽ മന്ത്രിസഭ യോഗത്തിൽ അഭിപ്രായം പറയാൻ ആയില്ലെന്നും ആര്‍ജെഡി നേതൃത്വം പറഞ്ഞു. ബ്രുവറിക്കെതിരെ എതിർപ്പ് ഉയർത്തുന്ന എല്‍ഡിഎഫിലെ മൂന്നാം കക്ഷിയാണ് ആര്‍ജെഡി.