പാലക്കാട് ബ്രൂവറിക്ക് നൽകിയ അനുമതിയുമായി സർക്കാർ മുന്നോട്ട് പോകില്ലെന്ന് ഇടതുമുന്നണിയിലെ കക്ഷി ആർജെഡിയുടെ നേതാവ് വർഗീസ് ജോർജ്ജ്
തിരുവനന്തപുരം: പാലക്കാട് മദ്യനിർമ്മാണ ശാലയ്ക്കുള്ള അനുമതിയുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്ന് ഇടതുമുന്നണിയിലെ സഖ്യകക്ഷി ആർജെഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ്ജ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ പോളിസി കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് പറഞ്ഞ അദ്ദേഹം പ്ലാച്ചിമട പൂട്ടിച്ചെങ്കിൽ ബ്രൂവറി ഒരു പ‌്രശ്നമാണോയെന്നും ചോദിച്ചു.
കേന്ദ്ര ബജറ്റ് കേരളത്തോട് നീതി കാട്ടിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിന് പേരിന് പോലും പരിഗണന കിട്ടിയില്ല. ഇതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത് മദ്യത്തിൻ്റെ ഉപയോഗം കൂട്ടുന്ന നയത്തോട് യോജിപ്പില്ല. മദ്യ നിർമ്മാണ ശാല അനുമതിയും അംഗീകരിക്കാനാകില്ല. പുതിയ മദ്യനയം നടപ്പാക്കിയപ്പോൾ ഇടതുമുന്നണിയെ വിശ്വാസത്തിലെടുത്തില്ല. ഇടതുമുന്നണിയിൽ മദ്യ നയം ചർച്ച ചെയ്തിട്ടില്ല. 11 പാർട്ടികളുള്ള മുന്നണിയാണ്. അഭിപ്രായം ചർച്ച ചെയ്ത് വേണം മുന്നോട്ട് പോകാൻ. കുറെ വർഷങ്ങളായി ഇടതുമുന്നണി യോഗങ്ങളിൽ മദ്യ നയം വന്നിട്ടില്ല. സമഗ്രമായി.ചർച്ച ചെയ്യുന്നത് വരെ മദ്യ നിർമ്മാണ ശാല അനുമതിയിൽ തുടർ നീക്കങ്ങൾ നിർത്തിവക്കണം. ഇടത് മുന്നണി യോഗം അടിയന്തരമായി വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
