നിലവിൽ കോഴിക്കോട് റോഡ് ഉപരോധം തുടരുകയാണ്.
കോഴിക്കോട്: ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധം കനക്കുന്നു. രാവിലെ നടത്തിയ പ്രതിപക്ഷ പാർട്ടികളുടെ മാർച്ചിന് ശേഷം വൈകുന്നേരവും പ്രതിഷേധം ശക്തമാവുകയാണ്. കോഴിക്കോട് പുഷ്പ ജങ്ഷനിൽ യൂത്ത് ലീഡ് റോഡ് ഉപരോധത്തിൽ സംഘർഷമുണ്ടായി. റോഡ് ഉപരോധിച്ച യൂത്ത് ലീഗ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് സ്ഥലത്ത് സംഘർഷത്തിനിടയാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. ഇന്നലെ രാവിലെ മുതൽ സംസ്ഥാനത്തൊട്ടാകെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടക്കുകയാണ്.
യൂത്ത് ലീഗ് നേതാക്കളായ ഫാത്തിമ തഹ്‍ലിയ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വാഹനമെടുക്കാൻ പൊലീസിനെ പ്രവർത്തകർ അനുവദിച്ചില്ല. നിലവിൽ കോഴിക്കോട് റോഡ് ഉപരോധം തുടരുകയാണ്. അതേസമയം, വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ തലശ്ശേരിയിലും റോഡ് ഉപരോധിച്ചു. സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കണ്ണൂർ കാൾടെക്സ് ജംഗ്ഷനിലും ആരോഗ്യമന്ത്രിയുടെ രാജ്യാവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു. യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.