5 കടകളുടെ ഷട്ടറുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഒരു ബേക്കറിയിൽ നിന്ന് 40000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

കൊല്ലം: പന്തളത്ത് എംസി റോഡിൽ 5 കടകളിൽ മോഷണം. ഒരു ബേക്കറിയിൽ നിന്ന് നാൽപതിനായിരം രൂപ കവർന്നു. കടകളിലെ സിസിടിവികൾ അടക്കം നശിപ്പിച്ചിട്ടുണ്ട്. പന്തളം കോളേജിന് സമീപത്തുള്ള ജം​ഗ്ഷനിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് മോഷണം നടന്നത്. രണ്ട് മോഷ്ടാക്കളെ ദൃശ്യങ്ങളിൽ കാണാം. 5 കടകളുടെ ഷട്ടറുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. ഒരു ബേക്കറിയിൽ നിന്ന് 40000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് കടകളിൽ നിന്ന് നഷ്ടപ്പെട്ടവയുടെ വിവരങ്ങൾ വ്യക്തമായിട്ടില്ല. പൊലീസും ഉടമകളും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഒരാൾ കാവൽ നിൽക്കുന്നതും അടുത്തയാൾ ഷട്ടറിന് സമീപം കിടന്ന് ഷട്ടറിന്റെ പൂട്ട് തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റ് കടകളിലേക്ക് പോകുമ്പോഴാണ് സിസിടിവി ഇവരുടെ ശ്രദ്ധയിൽപെടുന്നത്. തിരിച്ചെത്തി സിസിടിവികൾ നശിപ്പിക്കുകയും ചെയ്തു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.

പന്തളത്ത് അഞ്ച് കടകളിൽ മോഷണം; കടകളിലെ സിസിടിവി ക്യാമറകളും തകർത്തു | Pathanamthitta