Asianet News MalayalamAsianet News Malayalam

കോഴിക്കോട്ടെ സ്വര്‍ണാഭരണശാലയില്‍ തോക്കു ചൂണ്ടി മോഷണം: ഒരാള്‍ പിടിയില്‍

പിടിയിലായ ആള്‍ പശ്ചിമബംഗാള്‍ സ്വദേശിയാണ്. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 

robbery in kozhikode
Author
Omassery, First Published Jul 13, 2019, 9:33 PM IST

കോഴിക്കോട്: മുക്കം ഓമശ്ശേരിക്ക് സമീപമുള്ള സ്വര്‍ണാഭരണശാലയില്‍ തോക്കു ചൂണ്ടി മോഷണം. സംഭവത്തില്‍ ഒരു അന്യസംസ്ഥാനക്കാരന്‍ പിടിയിലായി. മുക്കം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാദി ഗോള്‍ഡ് എന്ന സ്വര്‍ണാഭരണ വില്‍പന ശാലയിലാണ് തോക്കു ചൂണ്ടിയുള്ള കവര്‍ച്ച നടന്നത്. 

വൈകുന്നേരം ഏഴരയോടെ  ജീവനക്കാര്‍ സ്വര്‍ണാഭരണശാല അടയ്ക്കാനൊരുങ്ങുന്നതിനിടെയാണ് മുഖംമൂടി ധരിച്ച മൂന്ന് പേര്‍ തോക്കുമായി എത്തിയത്. മൂന്നംഗസംഘത്തില്‍ ഒരാള്‍ ജീവനക്കാരെ തോക്കുചൂണ്ടി നിര്‍ത്തി. മറ്റു രണ്ട് പേര്‍ കൗണ്ടറില്‍ കയറി പണവും ആഭരണങ്ങളും കവര്‍ന്നു. 

കൊള്ളമുതലുമായി ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സ്ഥാപനത്തിലെ ജീവനക്കാരും സമീപത്തെ കടകളിലെ വ്യാപാരികളും ചേര്‍ന്ന് കവര്‍ച്ചാ സംഘത്തിലെ ഒരാളെ ബലമായി കീഴടക്കി. പിടിയിലായ ആള്‍ പശ്ചിമബംഗാള്‍ സ്വദേശിയാണ്. ഇയാളുടെ കൈയില്‍ നിന്നും തോക്ക്, കത്തി, മൊബൈല്‍ ഫോണ്‍ എന്നിവ പിടികൂടി.

ഇയാളുടെ കൈയിലുണ്ടായിരുന്ന തോക്ക് ലോഡ് ചെയ്ത നിലയിലായിരുന്നു എന്ന് സ്ഥലത്ത് എത്തി പരിശോധന നടത്തിയ പൊലീസുദ്യോഗസ്ഥര്‍ അറിയിച്ചു. കടയില്‍ നിന്നും പതിനഞ്ചോളം സ്വര്‍ണവളകള്‍ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണവുമായി കടന്നു കളഞ്ഞ മറ്റു രണ്ട് പേര്‍ക്കായി പൊലീസും നാട്ടുകാരും പ്രദേശത്ത് തെരച്ചില്‍ നടത്തുകയാണ്. 
 

Follow Us:
Download App:
  • android
  • ios