കോട്ടയം ഈരാറ്റുപേട്ടയിൽ കാഞ്ഞിരപ്പള്ളി - പാലാ റൂട്ടിൽ ഓടുന്ന റോബിൻ ബസ് എംവിഡി തടഞ്ഞതോടെ തർക്കം വീണ്ടും രൂക്ഷമായി. പെർമിറ്റ് ഇല്ലെന്ന് ആരോപിച്ചാണ് ബസ് പിടിച്ചെടുത്തതെന്നും എന്നാൽ കോടതി ഉത്തരവോടെയാണ് സർവീസ് നടത്തുന്നതെന്ന് ഉടമ ഗിരീഷ് പറയുന്നു. ഫീസ് അടക്കാത്തതിനാലാണ് പെർമിറ്റ് നൽകാത്തതെന്നും ബസ് പിടിച്ചെടുക്കാൻ അധികാരമുണ്ടെന്നും ആർടിഒ വ്യക്തമാക്കി.
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവിഡി തർക്കം മുറുകുന്നു. കോട്ടയം ഈരാറ്റുപേട്ടയിൽ വെച്ച് കാഞ്ഞിരപ്പള്ളി - പാലാ റൂട്ടിൽ ഓടുന്ന റോബിൻ ബസ് എംവിഡി തടഞ്ഞിരുന്നു. ഇപ്പോൾ പതിവ് പോലെ സർവീസ് ഉണ്ടായിരിക്കുന്നതാണ് എന്നാണ് റോബിൻ മോട്ടേഴ്സ് ഉടമ ഗിരീഷ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്. വിലയില്ലെന്ന് ഏമാൻ പറഞ്ഞ് അതേ കോടതി ഉത്തരവിന്‍റെ ബലത്തിലാണ് സർവീസ് എന്നും പോസ്റ്റിൽ വെല്ലുവിളിയുണ്ട്. ഇനി ഏമാൻ ഈ സൈസ് പരിപാടി അവതരിപ്പിക്കാൻ വരുമ്പോൾ മിനിമം വണ്ടി ഓടിക്കാൻ അറിയുന്ന ഒരാളെയെങ്കിലും കൂട്ടിക്കൊണ്ടു വരണമെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
പെർമിറ്റ് ഇല്ലെന്ന് പറഞ്ഞ് രാത്രി എട്ടുമണിക്ക് ബസ് പിടിച്ചുവെന്നും പെർമിറ്റ് ഇല്ലാത്ത വണ്ടി സിസി ചെയ്യേണ്ട കാര്യമില്ലെന്നുമാണ് ബസ് ഉടമ ഉടമ ഗിരീഷ് പ്രതികരിച്ചത്. പിന്നിൽ കൃത്യമായ അജണ്ട ഉണ്ടെന്ന് ആരോപിച്ച ഗിരീഷ് നിലവിൽ പെർമിറ്റ് ഇല്ലെങ്കിൽ ഇത്രയും നാൾ ഓടാൻ സാധിക്കുമോ എന്നും ചോദിച്ചു. 2003 മുതൽ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരുകയാണ് പതിവ്. പെർമിറ്റിന് അപേക്ഷ നൽകാൻ അല്ലേ സാധിക്കൂ? എല്ലാ തവണയും അപേക്ഷ നൽകുന്നുണ്ട്. ജൂൺ പത്താം തീയതി അപേക്ഷ പുതുക്കി കിട്ടി. ഇപ്പോൾ നാല് ബസ്സുകളുണ്ട്. ഒരു ബസ്സിന് മാത്രമാണ് കോടതി ഉത്തരവു പ്രകാരം ഓടുന്നത്. ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരീഷ് പറഞ്ഞു.
റോബിൻ ബസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ, കോടതി ഉത്തരവു പ്രകാരം പെർമിറ്റിന് വാഹന ഉടമ അപേക്ഷ നൽകിയിട്ടുണ്ട് എന്ന് കോട്ടയം ആർടിഒ ജയരാജ് വ്യക്തമാക്കി. പക്ഷേ ഫീസ് അടച്ചിട്ടില്ല. ഫീസ് അടച്ചാൽ മാത്രമാണ് പെർമിറ്റ് നൽകാനാവുക. കോടതി ഉത്തരവ് ഹാജരാക്കി പെർമിറ്റ് ലഭിക്കാൻ അപേക്ഷ നൽകി ഫീസ് അടക്കണം. ഈ നടപടി ഉടമയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പെർമിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാൻ എംവിഡിക്ക് അധികാരമുണ്ടെന്നും ആർടിഒ പറഞ്ഞു.


