Asianet News MalayalamAsianet News Malayalam

'റോബിന്‍ പോര്': അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ട് കെഎസ്ആര്‍ടിസി, യാത്ര തുടങ്ങിയത് കാലിയായി 

റോബിന്‍ ബസിന് പിന്തുണ പ്രഖ്യാപിച്ച് വെറുതെ കോയമ്പത്തൂര്‍ വരെ പോകുകയാണെന്നാണ് ഒരു യാത്രക്കാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

robin bus mvd issue ksrtc started new service to pathanamthitta to coimbatore joy
Author
First Published Nov 19, 2023, 8:09 AM IST

പത്തനംതിട്ട: റോബിന്‍ ബസിനെ വെട്ടാന്‍ കെഎസ്ആര്‍ടിസി ആരംഭിച്ച പ്രത്യേക കോയമ്പത്തൂര്‍ സര്‍വീസ് രാവിലെ 4.30ന് പുറപ്പെട്ടു. യാത്രക്കാരില്ലാതെ കാലിയായിട്ടാണ് പത്തനംതിട്ടയില്‍ നിന്ന് ബസ് സര്‍വീസ് ആരംഭിച്ചത്. രാവിലെ 4:30ന് പുറപ്പെട്ട ലോഫ്‌ളോര്‍ എസി ബസ് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, തൃശൂര്‍, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തുന്നത്. 11.30ന് ബസ് കോയമ്പത്തൂരില്‍ എത്തും. 

അതേസമയം, റോബിന്‍ ബസ് സര്‍വീസിന് ഇന്നും പത്തനംതിട്ടയില്‍ യാത്രക്കാര്‍ സ്വീകരണമൊരുക്കി. എംവിഡിയോട് ശക്തമായ പ്രതിഷേധമാണ് യാത്രക്കാരില്‍ പലരും ഉയര്‍ത്തിയത്. റോബിന്‍ ബസിന് പിന്തുണ പ്രഖ്യാപിച്ച് വെറുതെ കോയമ്പത്തൂര്‍ വരെ പോകുകയാണെന്നാണ് ഒരു യാത്രക്കാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഒരു സംരംഭകനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് പ്രതിഷേധമെന്നും യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബദല്‍ സര്‍വീസ് കാര്യമാക്കുന്നില്ലന്നും റോബിന്‍ ബസിലെ ജീവനക്കാര്‍ പറയുന്നു.

അഖിലേന്ത്യ പെര്‍മിറ്റുമായി സര്‍വീസ് തുടങ്ങിയ റോബിന്‍ ബസിന് ഇന്നലെ കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് അധികൃതര്‍ ചുമത്തിയത്. സംസ്ഥാനത്ത് നാലിടത്ത് ബസ് തടഞ്ഞായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് പരിശോധന. പിടിച്ചെടുക്കരുത് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പിഴയീടാക്കി എംവിഡി വിട്ടയച്ചു. കോണ്‍ട്രാക്ട് ക്യാരേജായി വിനോദ സഞ്ചാരമടക്കമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂവെന്നും, ഓരോ സ്റ്റോപ്പില്‍ നിന്ന് ആളെ എടുത്ത് പോകാനുള്ള സ്റ്റേജ് ക്യാരേജായി ഓടാന്‍ അനുവാദമില്ലെന്നുമാണ് മോട്ടോര്‍ വാഹനവകുപ്പ് നിലപാട്. തമിഴ്‌നാട്ടിലേക്ക് കയറിയ റോബിന്‍ ബസിന് 70,410 രൂപ ചാവടി ചെക്ക് പോസ്റ്റില്‍ ഈടാക്കിയത്. നികുതിയായി 32,000 രൂപയും പിഴയായി 32000 രൂപയും ഉള്‍പ്പടെയാണിത്.

തിരുവനന്തപുരത്ത് എംവിഡി പിടിച്ച ബസ് ഒടുവിൽ പുലിവാലായി! തർക്കം, യാത്രക്കാർ ഇളകി 
 

Follow Us:
Download App:
  • android
  • ios