കാസർകോട്: ചക്ക തലയിൽ വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത യുവാവ് മരിച്ചു. കാസർഗോഡ് കോടോം ബേളൂർ പഞ്ചായത്തിലെ ഏഴാംമൈൽ മുക്കുഴി കരിയത്തെ റോബിൻ തോമസ് (42) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്ന റോബിനെ മെയ് 19-നാണ് ചക്ക തലയിൽ വീണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച റോബിൻ തോമസിന് കൊവിഡ് രോഗലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും കൊവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി മെയ് 23-ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.  അപകടത്തെ തുടർന്ന് ആശുപത്രിയി പ്രവേശിപ്പിക്കപ്പെട്ടയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത് വലിയ ചർച്ചയായെങ്കിലും രണ്ടാമത് നടത്തിയ പരിശോധനയിൽ ഇയാളുടെ ഫലം നെഗറ്റീവായി. 

അതേസമയം ചക്ക വീണതിനെ തുടർന്ന് തലയ്ക്കേറ്റ പരിക്ക് ഗുരുതരമായി തന്നെ തുടർന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് റോബിൻ്റെ ജീവൻ നിലനിർത്തിയിരുന്നത്. അൽഫോൻസയാണ് റോബിൻ്റെ ഭാര്യ. നാലാം ക്ലാസ് വിദ്യാർത്ഥിനി റിയ, യുകെജി വിദ്യാർത്ഥി റോൺ എന്നിവ‍ർ മക്കളാണ്.