Asianet News MalayalamAsianet News Malayalam

ബലാല്‍സംഗകേസ് പ്രതി റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും മാര്‍പാപ്പ പുറത്താക്കി

പ്രത്യേക അധികാരം ഉപയോഗിച്ച് മാര്‍പാപ്പയുടേതാണ് നടപടി. വത്തിക്കാന്‍റെ നടപടി റോബിനെ അറിയിച്ചു. 

Robin Vadakkanchery is expelled from priesthood by Pope
Author
Kochi, First Published Mar 1, 2020, 12:01 PM IST

കണ്ണൂര്‍: കൊട്ടിയൂർ പീ‍ഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കികൊണ്ട് മാർപാപ്പ ഉത്തരവിട്ടു. വൈദികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ കടമകളില്‍നിന്നും അവകാശങ്ങളില്‍നിന്നും ആജീവനാന്തം വിലക്കികൊണ്ടുള്ള നടപടി മാർപാപ്പയുടെ പ്രത്യേക അധികാരമുപയോഗിച്ചാണ് നടപ്പാക്കിയത്. തലശ്ശേരി പോക്സോ കോടതി ശിക്ഷ വിധിച്ച റോബിന്‍ വടക്കുംചേരി നിലവില്‍ കണ്ണൂർ സെന്‍ട്രല്‍ ജയിലിലാണ്.

കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് അറസ്റ്റിലായ മാനന്തവാടി രൂപതാ വൈദികന്‍ റോബിന്‍ വടക്കും ചേരിയെ 2017 ഫെബ്രുവരിയില്‍ വൈദിക പദവിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. റോമിലെ വിശ്വാസ തിരുസംഘത്തിന്‍റെ നിർദ്ദേശപ്രകാരം സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. 2017 മാർച്ചില്‍ കമ്മീഷന്‍ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് റോബിനെ വൈദിക വൃത്തിയില്‍നിന്നും പുറത്താക്കാനുള്ള നടപടി തുടങ്ങിയത്. 

2019 ഏപ്രില്‍ 9ന് മാനന്തവാടി രൂപതാധ്യക്ഷന്‍ സംഭവവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ വിശ്വാസ തിരുസംഘത്തെ അറിയിച്ചിരുന്നു. തുടർന്ന് വിശ്വാസ തിരുസംഘം വിവരങ്ങള്‍ മാർപാപ്പയ്ക്ക് കൈമാറി. ഇതോടെയാണ് ഫ്രാന്‍സിസ് മാർപാപ്പ പ്രത്യേക അധികാരമുപയോഗിച്ച് വൈദികവൃത്തിയില്‍നിന്നും റോബിന്‍ വടക്കുംചേരിയെ പുറത്താക്കികൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവ് നിലവില്‍ ജയിലില്‍ കഴിയുന്ന റോബിനെ അറിയിക്കുകയും ചെയ്തതായി മാനന്തവാടി രൂപത അറിയിച്ചു. കേസില്‍ തലശേരി പോക്സോ കോടതി റോബിന്‍ വടക്കുംചേരിയെ 20 വർഷത്തെ കഠിനതടവിനാണ് ശിക്ഷിച്ചത്. 

2016 ല്‍ കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ റോബിന്‍ വടക്കുംചേരി ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കു‍ഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ  പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ  പെൺകുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios