വയനാട്: പൗരത്വ നിയമ ഭേദഗതിയിൽ വിവാദവും പ്രക്ഷോഭവും ശക്തമാകുമ്പോൾ വയനാട്ടില്‍ അഭയാർത്ഥികളായെത്തിയ റോഹിങ്ക്യന്‍ മുസ്ലീം കുടുംബങ്ങളും ഭീതിയിലാണ്. മാന്യമായി ജോലിചെയ്ത് ഇവിടെത്തന്നെ ജീവിക്കാൻ അധികൃതർ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

11 റോഹിങ്ക്യന്‍ അഭയാർത്ഥികള്‍ 2013ലാണ് ജന്മനാടായ മ്യാന്‍മറില്‍നിന്നും അസമിലേക്ക് കുടിയേറിയെത്തിയത്. 2015ല്‍ ഡല്‍ഹി വഴി ഇവർ കേരളത്തിലെത്തി. മുസ്ലീം സംഘടനകളുടെ സഹായത്തോടെ വയനാട് മുട്ടിലില്‍ താമസമാക്കി. ഐക്യരാഷ്ട്ര സംഘടന നല്‍കിയ തിരിച്ചറിയല്‍ കാർഡ് മാത്രമേ കൈയിലുള്ളൂ. അഭയാര്‍ത്ഥികളില്‍ ഒരാളായ ഇല്ല്യാസിന്‍റെ ഭാര്യ ഗുല്‍ബഹർ ഗർഭിണിയാണ്. അഭയാർത്ഥികളെ നാട്ടുകാർ അധികം പേരും ജോലിക്കൊന്നും ഒപ്പം കൂട്ടാറില്ല. ഭാര്യയുടെ പ്രസവച്ചിലവ് കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടുകയാണ് ഇല്യാസിപ്പോള്‍.

ഔദ്യോഗിക കണക്ക് പ്രകാരം റോഹിങ്ക്യന്‍ അഭയാർത്ഥികളായി കേരളത്തിലെത്തിയ 11 പേരും ഇപ്പോള്‍ വയനാട്ടിലാണ് താമസം. ഇവരില്‍ 5 പേർ സ്ത്രീകളാണ്. പൗരത്വ ഭേദഗതി നിയമം രാജ്യം നടപ്പാക്കാനൊരുങ്ങുമ്പോള്‍ തങ്ങള്‍ ഇവിടെനിന്നും ആട്ടിയിറക്കപ്പെടുമോയെന്ന ഭീതിയിലാണ് എല്ലാവരും. അതേസമയം രാജ്യത്ത് അഭയാർത്ഥികളായി എത്തിയവർ ഔദ്യോഗിക ക്യാമ്പുകളിലാണ് കഴിയേണ്ടതെന്നാണ് അധികൃതരുടെ നിലപാട്. ഈയിടെ വയനാട്ടിലേക്ക് വന്ന മൂന്ന് റോഹിങ്ക്യന്‍ മുസ്ലീങ്ങളെ പോലീസ് ഹൈദരാബാദിലെ ക്യാമ്പിലേക്കുതന്നെ തിരിച്ചയച്ചിരുന്നു.