Asianet News MalayalamAsianet News Malayalam

കൂടത്തായി കൊലപാതക പരമ്പര വെളിച്ചത്ത് കൊണ്ടുവന്ന പരാതിക്കാരന്‍; റോജോ ഇന്ന് മൊഴി നല്‍കും

അതേസമയം ഇന്നലെ രാത്രി വൈകിയും പൊന്നാമറ്റത്ത് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായെത്തിയെ പൊലീസ് തെളിവെടുത്തിരുന്നു. 

Rojo will give statement to police on koodathai murder
Author
Kozhikode, First Published Oct 15, 2019, 6:29 AM IST

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പര കേസിലെ പരാതിക്കാരൻ റോജോ ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകും. വടകര റൂറൽ എസ്പി ഓഫീസിലെത്തിയാണ് റോജോ മൊഴി നൽകുക. അമേരിക്കയിലായിരുന്ന റോജോയെ കേസന്വേഷണത്തിനായി അന്വേഷണ സംഘം നാട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അച്ഛൻ ടോം തോമസ്, അമ്മ അന്നമ്മ, സഹോദരൻ റോയ് എന്നിവരുൾപ്പെടെ കുടുംബത്തിലെ ആറ് അംഗങ്ങളുടെ ദുരൂഹ മരണങ്ങളെക്കുറിച്ച് റോജോ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകിയതോടെയാണ് കൂടത്തായ് സംഭവത്തിൽ അന്വേഷണം തുടങ്ങിയത്.

അതേസമയം ഇന്നലെ രാത്രി വൈകിയും പൊന്നാമറ്റത്ത് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുമായെത്തിയെ പൊലീസ് തെളിവെടുത്തിരുന്നു. വൈകിട്ട് ആറുമണിയോടെ ഫൊറന്‍സിക് സംഘം പൊന്നാമറ്റം വീട്ടിലെത്തി പരിശോധന തുടങ്ങുകയായിരുന്നു. പരിശോധന രണ്ടു ദിവസം തുടരുമെന്നും അതിനുശേഷമേ എന്തെങ്കിലും പറയാനാകുവെന്നും അറിയിച്ച് ഫൊറന്‍സിക് സംഘം മേധാവി ദിവ്യ ഗോപിനാഥ് രാത്രി എട്ടുമണിക്ക് മാധ്യമങ്ങളെയടക്കം പറഞ്ഞുവിട്ടു. രംഗം ശാന്തമെന്ന ഉറപ്പില്‍ രാത്രി 10 മണിയോടെ ജോളിയെയും കൊണ്ട് അന്വേഷണസംഘം പൊന്നാമറ്റത്തേക്ക് വീണ്ടുമെത്തി.

വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ജോളി പലതവണ മൊഴി നല്‍കിയ സയനൈഡ് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. എത്തിയ ഉടനെ അന്നമ്മ, ടോം തോമസ് , റോയ് എന്നിവര്‍ മരിച്ചതെവിടെയെന്ന് ജോളി ഫൊറന്‍സിക് സംഘത്തെ കാണിച്ചു കൊടുത്തു. തുടര്‍ന്ന് സയനൈഡിനായി വീട്ടിനുള്ളിലെ രണ്ടു നിലകളിലും പരിശോധന നടത്തി. തെളിവെടുപ്പിനൊപ്പം ഒരുമണിക്കൂറോളം ചോദ്യം ചെയ്യലും നടന്നു. പല ചോദ്യങ്ങള്‍ക്കും തലകുലുക്കി ആംഗ്യഭാഷയില്‍ ഉത്തരം പറഞ്ഞ ജോളി ചിലതിനൊക്കെ വാക്കാല്‍ പ്രതികരിച്ചു. ഇതിനിടെ അടുക്കള.യ്ക്കടുത്തുനിന്നും തുണിയില്‍ പൊതിഞ്ഞ കുപ്പി പൊലീസ് കണ്ടെത്തി. എന്നാല്‍ ഇതു സയനൈഡെന്ന് സ്ഥിരീകരിക്കാന‍് പൊലീസ് തയ്യാറായിട്ടില്ല. 

കൂടാതെ കൂടത്തായി കൊലപാതക പരമ്പരയിലെ നിര്‍ണായകമായ ചോദ്യം ചെയ്യലും മൊഴിയെടുക്കലും ഇന്നലെ  വടകര റൂറല്‍ എസ്പി ഓഫീസില്‍  നടന്നിരുന്നു. അന്വേഷണ സംഘം ആദ്യ ചോദ്യം ചെയ്തത് മുഖ്യ പ്രതി ജോളിയെയായിരുന്നു. തുടര്‍ന്ന് ഷാജു, പിതാവ് സഖറിയാസ് എന്നിവരെ വെവ്വേറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷം രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെയും റൂറല്‍ എസ്പി ഓഫീസിലെത്തിച്ചു. അന്വേഷണ സംഘത്തലവന്‍ റൂറല്‍ എസ്പി കെ ജി സൈമണ്‍, ജോളി, ഷാജു, സഖറിയാസ് എന്നിവരെ ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. 5000 രൂപയും രണ്ട് കുപ്പി മദ്യവും നൽകിയാണ് പ്രജുകുമാറിന്‍റെ കയ്യിൽ നിന്ന് താന്‍ സയനൈഡ്  വാങ്ങിയതെന്ന് ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യം ചെയ്യലില്‍ മാത്യു  മൊഴി നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios