Asianet News MalayalamAsianet News Malayalam

തുണി കെട്ടിയും പലക കൊണ്ടും മറച്ച ക്ലാസ് മുറികള്‍; പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ ദുരിതത്തിലായ സ്കൂൾ

തുണി കൊണ്ട് വേർതിരിച്ച് മറച്ച ക്ലാസ് മുറികളിലാണ് കുട്ടികളുടെ പഠനം. പലക കൊണ്ട് തിരിച്ച യുപി വിഭാഗം.  ലൈബ്രറിയിലെ പുസ്തകങ്ങളും ലാബിലെ ഉപകരണങ്ങളുമെല്ലാം അലമാരകളിൽ അടുക്കി വച്ചിരിക്കുന്നു.

rooms covered with cloth and planks at bisonvalley
Author
First Published Oct 20, 2022, 10:04 AM IST

ഇടുക്കി: പുതിയ കെട്ടിടം പണിയാൻ നിലവിലുണ്ടായിരുന്ന കെട്ടിടങ്ങൾ പൊളിച്ചതോടെ താൽക്കാലിക സ്ഥലത്ത് തിങ്ങി ‍ഞെരുങ്ങിയിരുന്ന് പഠിക്കേണ്ട ഗതികേടിലാണ് ഇടുക്കി ബൈസൺവാലി സർക്കാർ സ്ക്കൂളിലെ കുട്ടികൾ. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയതിലെ പിഴവ് മൂലമാണ് വർഷങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം നിർമ്മിക്കാൻ കഴിയാത്തത്. തുണി കൊണ്ട് വേർതിരിച്ച് മറച്ച ക്ലാസ് മുറികളിലാണ് കുട്ടികളുടെ പഠനം. പലക കൊണ്ട് തിരിച്ച യുപി വിഭാഗം.  ലൈബ്രറിയിലെ പുസ്തകങ്ങളും ലാബിലെ ഉപകരണങ്ങളുമെല്ലാം അലമാരകളിൽ അടുക്കി വച്ചിരിക്കുന്നു.
 
2018 ൽ പുതിയ സ്കൂൾ കെട്ടിടത്തിനായി മൂന്നു കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. 2019 ൽ പൊതുമരാമത്ത് നെടുങ്കണ്ടം എക്സിക്യൂട്ടീവ് എൻജിനീയർ എസ്റ്റിമേറ്റ് തയ്യാറാക്കി. ടെൻഡർ വിളിക്കണമെങ്കിൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തിക്കുന്ന മൂന്നു കെട്ടിടങ്ങളും പൊളിച്ചു നീക്കണമെന്ന് അറിയിച്ചു. 2020 ൽ രണ്ടു കെട്ടിടങ്ങൾ പൊളിച്ചു നീക്കി. 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിടത്തിൻറെ തറക്കല്ലുമിട്ടു. മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല.

കാരണമന്വേഷിച്ച് സ്ക്കൂൾ അധികൃതർ തിരുവനന്തപുരത്ത് പോയി. അപ്പോഴാണ് മൂന്നു കോടി രൂപ അനുവദിച്ചിടത്ത് 12 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയതായി അറിഞ്ഞത്. ഇതിൽ രണ്ടരക്കോടി പൈലിംഗ് നടത്താൻ വേണം. അനുവദിച്ച പണത്തിനുള്ള എസ്റ്റിമേറ്റ് മതിയെന്ന് സ്ക്കൂൾ അധികൃതർ അറിയിച്ചു. 12 ക്ലാസ് മുറികൾ, ഓഫിസ്, സ്റ്റാഫ് റൂം, ലാബ്, ലൈബ്രറി എന്നിവക്കെല്ലാമായി 16 മുറികളുള്ള കെട്ടിടം വേണം.  ജനപ്രതിനിധികളും പിടിഎയും നിരന്തരം ഇടപെട്ടിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം കെട്ടിട നിർമാണം തുടങ്ങാനാകുന്നില്ല.

 

 

Follow Us:
Download App:
  • android
  • ios