കോട്ടയം: കേരള കോണ്‍ഗ്രസ് ആരെയും വഞ്ചിച്ചിട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. ജോസ് കെ മാണി വിഭാഗത്തിന് എതിരായ ചെന്നിത്തലയുടെ പ്രസ്‍താവനയോടായിരുന്നു റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പ്രതികരണം. യുഡിഎഫിനൊപ്പമാണ് കേരള കോണ്‍ഗ്രസ് എല്ലാക്കാലത്തും നിന്നത്. കേരളാ കോണ്‍ഗ്രസിനോട് യുഡിഎഫാണ് നീതികേട് കാണിച്ചത്. ജോസ് കെ മാണി രാജ്യസഭാഗത്വം രാജിവെക്കേണ്ട കാര്യമില്ലെന്നും എംഎല്‍എമാരും രാജിവെക്കേണ്ടെതില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് വോട്ട് വാങ്ങിയാണ് കോണ്‍ഗ്രസ് നേതാക്കളും ജയിച്ചതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

Read More: ജോസ് കെ മാണി യുഡിഎഫിന് പുറത്ത്: വിശ്വാസവഞ്ചന കാണിച്ചെന്ന് ചെന്നിത്തല, കുട്ടനാട് സീറ്റ് ജോസഫിന്

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ജോസഫ് വിഭാഗത്തിന് തന്നെ  നല്‍കാനാണ് ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിന്‍റെ തീരുമാനം. ജോസഫ് വിഭാഗത്തിലെ ജേക്കബ് എബ്രഹാമായിരിക്കും സ്ഥാനാര്‍ത്ഥി. ജോസ് കെ മാണി വിഭാഗവുമായി ഇനി ചര്‍ച്ച നടത്തേണ്ടതില്ലെന്നാണ് മുന്നണി തീരുമാനം.  ജോസ് വിഭാഗം സ്വന്തം നിലയ്ക്ക് മുന്നണി വിട്ടുപോയതാണെന്ന് മുന്നണി അണികളെ ബോധ്യപ്പെടുത്തും. യുഡിഎഫ് വോട്ടുനേടി ജയിച്ച ജോസ് വിഭാഗം എംഎല്‍എമാര്‍ നിര്‍ണായക ഘട്ടത്തില്‍ മുന്നണിയെ ചതിച്ചെന്നായിരുന്നു യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. ജോസഫ് ഗ്രൂപ്പുകാരനായ ജേക്കബ് എബ്രഹാം കഴിഞ്ഞ തിരഞ്ഞെടുപ്പിലും കുട്ടനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ അംഗമാണ്.