തൃശ്ശൂര്‍: കോവിഡ് 19 ബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയായ രോഗിയുടെ ആരോഗ്യനില തൃപ്തികരം. കഴിഞ്ഞ മൂന്നു ദിവസമായി രോഗിക്ക് ചുമയും പനിയും ജലദോഷവുമില്ലെന്ന് തൃശ്ശൂര്‍ ഡിഎംഒ അറിയിച്ചു. ആശുപത്രിയിലെത്തിക്കും മുന്‍പേ രോഗി എവിടെയൊക്കെ പോയി, ആരൊക്കെയായി ഇടപഴകി തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഫെബ്രുവരി 29-നാണ് തൃശ്ശൂരിലെ രോഗി നാട്ടില്‍ എത്തുന്നത്. റാന്നിയിലെ വൈറസ് ബാധിച്ച കുടുംബം സഞ്ചരിച്ച അതേവിമാനത്തിലാണ് ഇയാളും കൊച്ചിയിലെത്തിയത്. റാന്നിയിലെ കുടുംബത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചിരുന്നവരുടെ വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ചതില്‍ 11തൃശ്ശൂര്‍ സ്വദേശികള്‍ വിമാനത്തിലുണ്ടായിരുന്നതായി കണ്ടെത്തി. 

ഇവരെ കണ്ടെത്തി പരിശോധിച്ചതില്‍ ആറ് പേരെ ഹൈ റിസ്ക്ക് കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നിരീക്ഷിച്ചു വരികയായിരുന്നു. ഈ കൂട്ടത്തില്‍പ്പെട്ട 21 വയസുള്ള ഒരു യുവാവിനാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്. ഇയാള്‍ മാര്‍ച്ച് ഏഴിനാണ് ആശുപത്രിയില്‍ അഡ്‍മിറ്റായത്. നാട്ടിലെത്തിയ ആറ് ദിവസത്തില്‍ പല പൊതുസ്ഥലങ്ങളിലും പരിപാടികളിലും യുവാവ് പോയിട്ടുണ്ട്. 

തൃശ്ശൂരിലെ ഒരു  ഷോപ്പിംഗ് മാളില്‍ പോയ യുവാവ് അവിടുത്തെ മള്‍ട്ടിപ്ലക്സ് സ്ക്രീനിലിരുന്ന് സിനിമ കാണുകയും. പിന്നീടൊരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുമായി ഇടപഴകിയതായി കണ്ടെത്തിയ നൂറോളം പേരെ ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. യുവാവിന്‍റെ നാട്ടിലെ രണ്ട് തദ്ദേശസ്വയംഭരണപ്രതിനിധികളടക്കം സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടും. ഇന്ന് പതിനൊന്ന് മണിക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് ഏഴ് വരെ യുവാവ് പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തു വിടും. ഇതിലൂടെ ഇയാളുമായി ഇടപെട്ടവരെ കണ്ടെത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്ന യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. നാട്ടില്‍ ഇറങ്ങി നടന്ന സമയത്തും ഇയാള്‍ക്ക് ചുമയോ പനിയോ മറ്റു രോഗലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല എന്നത് അധികൃതര്‍ ആശ്വാസം നല്‍കുന്നുണ്ട്. ഈ യുവാവിനൊപ്പം ഹൈ റിസ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മറ്റു അഞ്ച് പേരുടെ പരിശോധനഫലത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. ഇവരെല്ലാം വിമാനത്തില്‍ റാന്നി കുടുംബത്തിന് അടുത്തുള്ള സീറ്റുകളിലാണ് ഇരുന്നിരുന്നത്.