നികുതിയായി മൂന്ന് മാസം കൂടുമ്പോൾ നൽകണം 40,000 രൂപ.ഇൻഷുറൻസ് വർഷാവർഷം 80,000 രൂപ.വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പൊറുതിമുട്ടി.ഇതോടെയാണ് കൈവശമുള്ള പത്ത് ബസ്സിൽ 3 എണ്ണം കിലോ 45 രൂപയ്ക്ക് വിൽക്കാനൊരുങ്ങുന്നത്

കൊച്ചി: വായ്പാ കുടിശ്ശികയിൽ നട്ടംതിരിഞ്ഞ് കൊച്ചിയിൽ ആഡംബര ടൂറിസ്റ്റ് ബസ് തൂക്കി വിൽക്കാനിട്ട് ഉടമ. 12 വർഷം പഴക്കമുള്ള വാഹനത്തിന് കിലോ 45 രൂപയാണ് റോയ് ട്രാവൽസ് ഉടമ റോയ്സൺ ജോസഫ് വിലയിട്ടിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചെങ്കിലും സർക്കാർ പിന്തുണ ഇല്ലാത്തതിനാൽ കടം വീട്ടാൻ മറ്റ് വഴികളില്ലെന്ന് റോയ്സൺ പറയുന്നു.

കണ്ടം ചെയ്യാറായ വണ്ടിയൊന്നുമല്ല. 2010 മോഡലാണ്. കൊവിഡിന് തൊട്ട് മുൻപ് വരെ രണ്ടര ലക്ഷം രൂപ മുടക്കി പണിത് ഇറക്കി. എന്നാൽ കൊവിഡിൽ തുടങ്ങിയ കഷ്ടകാലം ഇന്നും അവസാനിക്കുന്നില്ല. നികുതിയായി മൂന്ന് മാസം കൂടുമ്പോൾ നൽകണം 40,000 രൂപ.ഇൻഷുറൻസ് വർഷാവർഷം 80,000 രൂപ.വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പൊറുതിമുട്ടി.ഇതോടെയാണ് കൈവശമുള്ള പത്ത് ബസ്സിൽ 3 എണ്ണം കിലോ 45 രൂപയ്ക്ക് വിൽക്കാനൊരുങ്ങുന്നത്

42വർഷമായി റോയ്സൺ ഈ മേഖലയിൽ.കൊവിഡിന് മുൻപ് 20 ബസ്സുണ്ടായിരുന്നു. കടം വീട്ടാൻ 10 എണ്ണം വിറ്റു.കൊവിഡിന് മുൻപ് 50തൊഴിലാളികൾ. ഇപ്പോൾ ആറ് പേർ മാത്രം. ടൂറിസ്റ്റ് ബസ് മേഖലയിൽ സർക്കാരിന്‍റെ അടിയന്തര ശ്രദ്ധ പതിയണമെന്ന ആവശ്യവുമായി പ്രതിഷേധം ശക്തമാക്കുകയാണ് ഉടമകളുടെ സംഘടന. മൂന്ന് ബസ് കിലോ വിലയ്ക്ക് വിറ്റാൽ കിട്ടുന്ന 12ലക്ഷം രൂപ കൊണ്ട് തത്കാലമെങ്കിലും പിടിച്ച് നിൽക്കാനാണ് റോയ്സന്‍റെ ശ്രമം.

YouTube video player