കൊല്ലം: സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്‍പി നേതാക്കള്‍.  . സിപിഎം നക്കാപിച്ച വോട്ടുകൾക്ക് വേണ്ടി പ്രത്യയശാസ്ത്ര പരമായ നയം ബലി കൊടുക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രൻ ആരോപിച്ചു. വണ്ടിച്ചെക്ക് കേസില്‍ പോലും മുഖ്യമന്ത്രി ഇടപെടുന്നത് നാണക്കേടാണെന്ന് ആര്‍എസ്‍പി നേതാവ് ടി ജെ ചന്ദ്രചൂഢന്‍ അഭിപ്രായപ്പെട്ടു

നരേന്ദ്രമോദി കേന്ദ്രത്തിൽ എന്താണോ ചെയ്യുന്നത്  അത് എൽ ഡി എഫ് സർക്കാർ ഇവിടെ അനുകരിക്കുകയാണ്. സമ്പന്ന പ്രീണനം നടത്തുകയും അധോലോക താത്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്നും എന്‍ കെ പ്രേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. എൽ ഡി എഫ് മന്ത്രിമാർ വന്ന വഴി മറന്നവരാണ്. പാലാ ഉപതെരഞ്ഞടുപ്പിൽ ജനങ്ങൾ എൽ ഡി എഫിനോട് പകരം ചോദിക്കുമെന്നും ചന്ദ്രചൂഢന്‍ പറ‌ഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സമവായത്തിലൂടെ സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്ന് ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു. സവായത്തിലൂടെ കണ്ടെത്തിയില്ലെങ്കിൽ നഷ്ടം അവർക്കാണ്. യുഡിഎഫ് മുന്നണിയെ ബാധിക്കുന്ന തരത്തിലേക്ക് പ്രശ്നം മാറിയിട്ടില്ലെന്നും അസീസ് പറഞ്ഞു.