കേരള ബാങ്ക് പങ്കാളിത്തം: ലീഗിനെ പിണക്കാതെ കോൺഗ്രസ്, സിഎംപിക്കും ആർഎസ്‌പിക്കും അതൃപ്തി; യുഡിഎഫിൽ ഭിന്നത
കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എംഎൽഎയെ ഉൾപ്പെടുത്തുന്ന കാര്യം തങ്ങളോട് ആലോചിച്ചിട്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു

തിരുവനന്തപുരം: കേരള ബാങ്ക് ഭരണസമിതിയിലെ മുസ്ലിം ലീഗ് പങ്കാളിത്തത്തിൽ യുഡിഎഫിന് അകത്ത് അഭിപ്രായ ഭിന്നത. എല്ലാ വിഷയത്തിലും മുസ്ലിം ലീഗ് തീരുമാനം സമ്മർദ്ദം ചെലുത്തി പിൻവലിപ്പിച്ച് പിണക്കേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ മുസ്ലിം ലീഗിന്റെ തീരുമാനത്തിനെതിരെ ആർഎസ്‌പിക്കും സിഎംപിക്കും അതൃപ്തിയുണ്ട്. പരസ്യ പ്രതിഷേധത്തിന് നേതാക്കൾ തയ്യാറായിട്ടില്ലെങ്കിലും കേരള ബാങ്കിന്റെ ഭരണ പങ്കാളിത്തത്തിൽ തീരുമാനം യുഡിഎഫ് മുന്നണിയിൽ ചർച്ച ചെയ്ത ശേഷം സ്വീകരിക്കണമായിരുന്നുവെന്ന നിലപാടിലാണ് നേതാക്കൾ. സഹകരണ മേഖലയിൽ സർക്കാർ വിളിച്ച സെമിനാറുകളിൽ പങ്കെടുക്കാനായിരുന്നു യുഡിഎഫ് മുന്നണി യോഗത്തിലെ ധാരണയെന്നും കേരള ബാങ്കിന്റെ ഭരണസമിതി പങ്കാളിത്തത്തിന് ആയിരുന്നില്ലെന്നും നേതാക്കൾ പറയുന്നു.
കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എംഎൽഎയെ ഉൾപ്പെടുത്തുന്ന കാര്യം തങ്ങളോട് ആലോചിച്ചിട്ടല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സിപിഎം മുസ്ലിം ലീഗിനെ ക്ഷണിച്ചതും, ഇതിൽ പങ്കെടുക്കുന്നത് കോൺഗ്രസ് നേതൃത്വം ഇടപെട്ട് തടഞ്ഞതും ഈയടുത്താണ്. റാലിയിൽ പങ്കെടുക്കണമെന്നായിരുന്നു മുസ്ലിം ലീഗിന്റെ താത്പര്യം. എന്നാൽ മുന്നണി താത്പര്യം പരിഗണിച്ചാണ് ഇതിൽ നിന്ന് പിന്മാറിയത്. മുസ്ലിം ലീഗിന്റെ എല്ലാ തീരുമാനങ്ങളിലേക്കും കയറി ഇടപെടേണ്ടെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വമുള്ളത്.