Asianet News MalayalamAsianet News Malayalam

'പോക്കറ്റടിക്കാരൻ വേഷം മാറി പൊലീസ് ആയതുപോലെയാണ് പൗരത്വ ഭേദഗതിയിൽ പിണറായിയുടെ നടപടികൾ': ഷിബു ബേബിജോണ്‍

ഒരു കോഴിയെ കൊല്ലരുത് എന്ന് ആത്മാർഥമായി ആഗ്രഹമുണ്ടെങ്കിൽ അതിനെ കൊല്ലാൻ ഒരുങ്ങുന്നു എന്നറിയുമ്പോൾ തന്നെ കൊല്ലരുത് എന്ന് പറയണം, കൊന്ന് കറിവച്ച കോഴിയെ വിളമ്പാൻ വരുമ്പോൾ വഴിപാടായി പ്രതികരിക്കുന്നത് എന്ത് രാഷ്ട്രീയ സത്യസന്ധത?

rsp leader shibu baby john against cm pinarayi vijayan on caa issue
Author
Kollam, First Published Dec 24, 2019, 11:04 PM IST

കൊല്ലം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി ആര്‍ എസ് പി നേതാവ് ഷിബു ബേബി ജോണ്‍. പോക്കറ്റടിക്കാരൻ വേഷം മാറി പൊലീസ് ആയതുപോലെ ആണ് പൗരത്വ നിയമ ഭേദഗതിയിൽ പിണറായിയുടെ നടപടികളെന്നാണ് ഷിബു ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചത്.

ഷിബു ബേബിജോണിന്‍റെ കുറിപ്പ്

പോക്കറ്റടിക്കാരൻ വേഷം മാറി പോലീസ് ആയതുപോലെ ആണ് പൗരത്വ നിയമ ഭേദഗതിയിൽ പിണറായിയുടെ നടപടികൾ.

പൗരത്വ ഭേദഗതി നിയമം ആകുന്നതിന് മുൻപ് ഈ നിയമം നടപ്പാക്കരുത് എന്നൊരു വാക്ക് പോലും പറയാത്ത പിണറായി. ഒരു കോഴിയെ കൊല്ലരുത് എന്ന് ആത്മാർഥമായി ആഗ്രഹമുണ്ടെങ്കിൽ അതിനെ കൊല്ലാൻ ഒരുങ്ങുന്നു എന്നറിയുമ്പോൾ തന്നെ കൊല്ലരുത് എന്ന് പറയണം, കൊന്ന് കറിവച്ച കോഴിയെ വിളമ്പാൻ വരുമ്പോൾ വഴിപാടായി പ്രതികരിക്കുന്നത് എന്ത് രാഷ്ട്രീയ സത്യസന്ധത?

കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കുവാൻ ജയിൽ വിവരങ്ങൾ ചോദിച്ച് കേന്ദ്ര സർക്കാർ അയച്ച സന്ദേശം 2019 ജനുവരി മാസത്തിൽ പിണറായി സർക്കാരിന് കിട്ടിയെന്ന വിവരങ്ങൾ പുറത്തുവന്നു, എന്നിട്ട് ഈ വിഷയം എന്ത്കൊണ്ട് പിണറായി സർക്കാർ പൊതുസമൂഹത്തിൽ നിന്ന് മറച്ചുവച്ചു?

ഏറ്റവും ഒടുവിലായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖിനെയും സഹപ്രവർത്തകരെയും പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ കേന്ദ്ര സർക്കാരിന് എതിരെ സമരം ചെയ്‌തതിന്‌ രണ്ടുമൂന്നു ദിവസം ജയിലിൽ അടച്ചു. കേരളം ഭരിക്കുന്നത് ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പൊലീസ് ആണോ?

ഒരുവശത്തു ഒന്നിച്ചു സമരം ചെയ്യാമെന്ന് പറയുക, മറുവശത്തു നടപടികളിൽ തികഞ്ഞ മോദി ഭക്തി കാണിക്കുക. പോക്കറ്റടിക്കാരൻ വേഷം മാറി പോലീസായി എന്ന് പൗരത്വ നിയമ ഭേദഗതിയിൽ പിണറായിയുടെ പ്രവർത്തികൾ കാണുമ്പോൾ പറയാതെ വയ്യ.

ജനങ്ങളെ വിഭജിച്ച് രാജ്യത്തിന്റെ സാമ്പത്തിക തളർച്ചയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്ന മോദിയും, ഇതിനിടയിലൂടെ ഭരണ പരാജയങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്ന പിണറായിയും, ഇതാണ് ഇന്നത്തെ ദേശീയ സംസ്ഥാന നേർക്കാഴച്ച. എന്തായാലും പൊതുസമൂഹത്തിന് ഇത് മനസ്സിലാക്കാനുള്ള കഴിവുണ്ട്, ജാർഖണ്ഡിൽ ഇന്നലെ നാം കണ്ടതും ജനം ഇത് മനസിലാക്കി പ്രതികരിച്ചു തുടങ്ങിയതിന്റെ തെളിവ് ആണ്.

 

Follow Us:
Download App:
  • android
  • ios