Asianet News MalayalamAsianet News Malayalam

ധനമന്ത്രി പച്ചക്കള്ളം പറയുന്നു, സത്യപ്രതിജ്ഞയും ഭരണഘടനയും ലംഘിച്ചുവെന്നും എൻകെ പ്രേമചന്ദ്രൻ

മന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ഗവർണർക്ക് ഇ മെയിൽ നിവേദനം നൽകിയെന്നും അദ്ദേഹം പറഞ്ഞു

RSP leaders demands resignation of finance minister TM Thomas Isaac on KIIFB CAG report
Author
Kollam, First Published Nov 17, 2020, 11:51 AM IST

കൊല്ലം: ധനവകുപ്പ് മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞ ലംഘനവും ഭരണഘടനാ ലംഘനവും നടത്തിയെന്ന് കൊല്ലം എംപിയും ആർഎസ്‌പി നേതാവുമായ എൻ കെ പ്രേമചന്ദ്രൻ. മന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ഗവർണർക്ക് ഇ മെയിൽ നിവേദനം നൽകിയെന്നും അദ്ദേഹം പറഞ്ഞു.

വികസനം എന്നത് അഴിമതി നടത്താനുള്ള ലൈസൻസ് അല്ല. അഴിമതി കണ്ടെത്തിയാൽ അവരെല്ലാം വികസന വിരുദ്ധർ എന്നാണ് സി പി എമ്മിന്റെയും സർക്കാരിന്റെയും നിലപാട്. ഈ നിലപാട് അപഹാസ്യമാണ്. പാവപ്പെട്ട ജനങ്ങളുടെ മറവിലാണ് ആസൂത്രിതമായ അഴിമതി നടക്കുന്നത്. സി എ ജി റിപ്പോർട്ടിനെ കരട് റിപ്പോർട്ട് ആക്കി മുന ഒടിക്കാൻ നോക്കിയ ധനമന്ത്രി പച്ചക്കള്ളമാണ് പറയുന്നത്.

ധനമന്ത്രിയുടെ വാദങ്ങൾ ബാലിശമാണ്. റിസർവ് ബാങ്കിന്റെയും സെബിയുടെയും അനുമതിയുണ്ടെങ്കിൽ ആ രേഖകൾ മന്ത്രി കാണിക്കണമെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. എസ് എൻ സി ലാവലിൻ കേസ് എല്ല ചർച്ചകളിലും ധനമന്ത്രി കൊണ്ടു വരുന്നു. ഈ കേസിൽ കോടതിയിൽ വിധി വരാനിരിക്കെ അതിനെ ചർച്ചാ വിഷയമാക്കി നിർത്താൻ ധനമന്ത്രി ശ്രമിക്കുന്നു. ഇത് പിണറായി വിജയന് എതിരായ ഐസക്കിന്റെ നീക്കമാണെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.

ധനമന്ത്രി പത്ര സമ്മേളനം വിളിക്കുന്നത് കള്ളം പറയാനാണെന്ന് ഷിബു ബേബി ജോൺ ആരോപിച്ചു. മുഖ്യമന്ത്രി ഇന്നലെ സംസാരിച്ചത് കിളി പോയ ആളെ പോലെയാണ്. കേരളത്തെ എക്കാലത്തേക്കും കടക്കെണിയിൽ ആക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Follow Us:
Download App:
  • android
  • ios