ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് മരിച്ചത്. 27 വയസ്സായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു കൊലപാതകം.

മമ്പ്രത്തെ ഭാര്യവീട്ടിൽ നിന്നും ഭാര്യയുമായി ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ച് ബൈക്ക് തടഞ്ഞ ശേഷമായിരുന്നു ആക്രമണം. ബൈക്കിൽ നിന്നും സഞ്ജുവിനെ വലിച്ചു പുറത്തിട്ട അക്രമികൾ ഭാര്യയുടെ മുന്നിൽ വച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. 

സംഭവം രാഷ്ട്രീയകൊലപാതകമാണ് എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘർഷങ്ങളുണ്ടായിരുന്നു അതിൻ്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് ആരോപിച്ചു. സഞ്ജിത്തിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആറ് മണി വരെ മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 

പത്ത് ദിവസത്തിനകം കേരളത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഘപരിവാ‍ർ പ്രവർത്തകനാണ് സഞ്ജിത്ത് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. പ്രതിസ്ഥാനത്ത് എസ്ഡിപിഐയാണെന്ന് തുറന്നു പറയാൻ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നും പൗരൻമാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുന്നതിൽ സ‍ർക്കാരിനുള്ള വീഴ്ചയാണ് ഇതിലൂടെ തെളിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. വർഗീയ സംഘങ്ങളുമായി സിപിഎം ചങ്ങാത്തതിലാണ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ ചെറുത്ത് നിൽപ്പിന് വേണ്ടി ബിജെപിക്ക് മറ്റു മാർഗങ്ങൾ തേടേണ്ടി വരും .എസ്ഡിപിഐയുടെ ആക്രമണത്തെ ജനങ്ങളെ ഉപയോ​ഗിച്ച് ഞങ്ങൾ ചെറുക്കും.