Asianet News MalayalamAsianet News Malayalam

RSS worker murder| ആർഎസ്എസ് പ്രവർത്തകൻ്റെ കൊലപാതകം; പ്രതികളിലൊരാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്

അക്രമികൾ സഞ്ചരിച്ച കാറിൻ്റെ വിവരങ്ങളും പുറത്ത് വിടും. ഐജി അശോക് യാദവിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

rss worker murder police prepared sketch of one accused
Author
Palakkad, First Published Nov 17, 2021, 4:45 PM IST

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ (RSS worker) സഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ രേഖാചിത്രം തയ്യാറാക്കി പൊലീസ്. പ്രതികളിലൊരാളുടെ രേഖാചിത്രമാണ് തയ്യാറാക്കിയത്. അക്രമികൾ സഞ്ചരിച്ച കാറിൻ്റെ വിവരങ്ങളും പുറത്ത് വിടും. ഐജി അശോക് യാദവിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

തമിഴ്നാട്ടിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം കൊലപാതകത്തില്‍ ഉള്‍പ്പെട്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അതേസമയം, പെരുവെമ്പ് വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും കൊലയാളികളെത്തിയ കാറ് കണ്ടെത്താന്‍ ഇതുവരെ പൊലീസിനായില്ല.

പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ട് സഞ്ജിത്തിനെ കൊലപ്പെടുത്തി രണ്ട് ദിവസം പിന്നിടുമ്പോഴും പ്രതികളെക്കുറിച്ച് പൊലീസിന് സൂചനകളൊന്നും കിട്ടിയില്ല. സംഭവം നടന്ന മമ്പറത്തുനിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള കണ്ണന്നൂരില്‍ ദേശീയ പാതയുടെ സര്‍വ്വീസ് റോഡില്‍ നിന്നാണ് നാല് വടിവാളുകള്‍ കണ്ടെത്തിയത്. തൃശൂരിലേക്ക് പോകാതെ സര്‍വ്വീസ് റോഡില്‍ നിന്നും തമിഴ് നാട് ഭാഗത്തേക്ക് പ്രതികള്‍ കടന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് എസ്ഡിപിഐയുടെ ശക്തി കേന്ദ്രങ്ങളായ കോയമ്പത്തൂരിലെ ഉക്കടം, കരിമ്പുകട എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കണ്ടെത്തിയ പത്തിലധികം സിസിടിവി ദൃശ്യങ്ങളില്‍ ലഭിച്ച കാറിന്‍റെ നമ്പര്‍ വ്യാജമാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

സംഭവം നടന്നത് തിങ്കളാഴ്ച 8.58 നായിരുന്നു. മമ്പറത്തുനിന്നും സ്ഥലത്തുനിന്നും ഒരു കിലോമീറ്ററില്‍ പിന്നിലുള്ള ഉപ്പുംപാടത്ത് അക്രമി സംഘം എത്തിയത് 7 മണിയോടെയെന്നും വ്യക്തമായി. സ‍ഞ്ജിത്തിനായി അക്രമികള്‍ ഒന്നര മണിക്കൂറിലേറെ കാത്തിരുന്നു. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമായതിനാല്‍ പ്രതികളിലേക്ക് എത്തുക അന്വേഷണ സംഘത്തിന് എളുപ്പമാവില്ല.

Follow Us:
Download App:
  • android
  • ios