ഗൂഢാലോചനാക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ച വാഹനം പൊളിക്കുന്നതിന് ഒത്താശ ചെയ്തത് ഹക്കീമാണ്.
പാലക്കാട്: പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്. 23ആം പ്രതി മുഹമ്മദ് ഹക്കീമിൻ്റെ അറസ്റ്റാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. ഗൂഢാലോചനാക്കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ച വാഹനം പൊളിക്കുന്നതിന് ഒത്താശ ചെയ്തത് ഹക്കീമാണ്. ഒളിവിൽ കഴിയുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 52 പ്രതികളുള്ള കേസിൽ ഇതുവരെ 43 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ 16 നാണ് ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.
പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. അന്ന് രാത്രി മോർച്ചറിക്ക് പിറകിലെ ഗ്രൗണ്ടിൽ വച്ച് ഒരു വിഭാഗം ഗൂഢാലോചന നടത്തി. 16 ന് പകൽ ഒരു മണിക്കാണ് രണ്ട് ബൈക്കുകളിലായി ആറ് പേർ മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തിന് മുന്നിലെത്തുന്നത്. തുടർന്ന് മൂന്ന് പേർ കടയിലേക്ക് ഓടിക്കയറി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ്.
കേസന്വേഷണം കഴിഞ്ഞ ദിവസം എന്‍ഐഎ ഏറ്റെടുത്തിരുന്നു. എൻഐഎ കൊച്ചി യൂണിറ്റാകും കേസ് അന്വേഷിക്കുക. പൊലീസില്‍ നിന്ന് കേസ് ഡയറി ലഭിക്കുന്നമുറയ്ക്ക് കൊച്ചി എന്‍ഐഎ കോടതിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യും. നേരത്തെ പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ വധത്തില്‍ തീവ്രവാദബന്ധമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. പോപ്പുലർ ഫ്രണ്ട് റെയ്ഡിന് പിന്നാലെ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സി എ റൗഫ്, യഹിയ കോയ തങ്ങൾ എന്നിവർക്ക് ശ്രീനിവാസൻ വധക്കേസിൽ പങ്കുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
