ബെംഗളൂരു: കർണാടക നിയമ നിർമാണ കൗൺസിലിൽ കയ്യാങ്കളി. ഡെപ്യൂട്ടി സ്പീക്കറെ കോൺഗ്രസ് എം എൽ സിമാർ കയ്യേറ്റം ചെയ്തു. സ്പീക്കർക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സ്പീക്കറെ ബിജെപി തടഞ്ഞെങ്കിലും വാച്ച് ആൻഡ് വാർഡിന്റെ സഹായത്തോടെ സഭയിലെത്തിയ സ്പീക്കർ അനിശ്ചിത കാലത്തേയ്ക്ക്  കൗൺസിൽ പിരിച്ചു വിട്ടു. നിയമനിർമാണ കൗൺസിൽ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. കന്നുകാലി കശാപ്പ് നിരോധന ബിൽ പരിഗണിക്കാനായാണ് ഗവർണറുടെ പ്രത്യേക അനുമതിയോടെ സഭ ചേർന്നത്.

കന്നുകാലി കശാപ്പ് ബില്ലിനെ എതിർക്കുന്നയാളാണ് നിയമ നിർമാണ കൗൺസിലിലെ സ്പീക്കർ പ്രതാപ ചന്ദ്ര ഷെട്ടി. ഇദ്ദേഹത്തിനെതിരെ ബിജെപി സർക്കാർ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ ഡപ്യൂട്ടി ചെയർമാനായ ധർമ ഗൗഡയായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. ഇതോടെയാണ് നാടകീയ രംഗങ്ങളുടെ തുടക്കം.

ബിജെപിയുടെ അവിശ്വാസ പ്രമേയം ഡപ്യൂട്ടി ചെയർമാൻ ചർച്ചയ്ക്ക് എടുത്തു. കുപിതരായ കോൺഗ്രസ് അംഗങ്ങൾ ഡപ്യൂടി ചെയർമാനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ സഭയ്ക്ക് പുറത്താക്കി. ഈ സമയത്ത് വാച്ച് ആന്റ് വാർഡിന്റെ പിന്തുണയോടെ പ്രതാപ ചന്ദ്ര ഷെട്ടി കൗൺസിലിൽ വരികയും സഭയുടെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.

വലിയ വിവാദമായ കർണാടക കന്നുകാലി കശാപ്പ് നിരോധന ബില്ല് നിയമമാകണമെങ്കിൽ നിയമ നിർമാണ കൗൺസിലിന്റെ ഭൂരിപക്ഷം നേടണമായിരുന്നു. എന്നാൽ ഇവിടെ ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. 75 അംഗ കൗൺസിലില്‍ 31 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 28 അംഗങ്ങളുള്ള കോൺഗ്രസ്, 14 അംഗങ്ങളുള്ള ജെഡിഎസ് എന്നിവർ ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

നേരത്തെ ഭൂപരിഷ്കരണ നിയമഭേദഗതിയിലും, എ പി എം സി നിയമ ഭേദഗതിയിലും സർക്കാരിനെ പിന്തുണച്ച ജെ ഡിഎസ്, ബില്ലിനെ പിന്തുണയ്ക്കുമെന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതീക്ഷ. എന്നാല്‍ കർഷകർക്കെതിരായ നിയമങ്ങൾ നടപ്പാക്കാന്‍ ബിജെപിയോട് കൂട്ടുകൂടിയെന്ന ആരോപണം മറ്റ് പാർട്ടികൾ ശക്തമാക്കവേ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ജെഡിഎസ് വ്യക്തമാക്കി. 

ബിജെപിയോട് മൃദുസമീപനം ആവർത്തിക്കുന്നുവെന്ന പരാതി പാർട്ടിക്കകത്തുനിന്നുപോലും കുമാരസ്വാമിക്കെതിരെ ഉയരുന്നുണ്ട്. ബില്ലിലെ വ്യവസ്ഥകൾ കർഷകരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും ബില്ലിനെ പിന്തുണയ്ക്കില്ലെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ബില്‍ ഉപരിസഭയില്‍ പാസായിട്ടില്ലെങ്കില്‍ ഓർഡിനന്‍സിറക്കി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു.