കൊല്ലം: ഓടിക്കൊണ്ടിരുന്ന തീവണ്ടി എഞ്ചിന്‍ വേര്‍പ്പെട്ട് അരക്കിലോമീറ്ററോളം പിറകോട്ട് സഞ്ചരിച്ചു. കൊച്ചുവേളി- ശ്രീഗംഗ നഗര്‍ എക്സ്പ്രസ് ട്രെയിനാണ് ഇന്നത്തെ സര്‍വ്വീസിനിടെ രണ്ട് തവണയായി എഞ്ചിനില്‍ നിന്നും വേര്‍പ്പെട്ടു പോയത്. 

വൈകിട്ട് 3.50-ന് കൊച്ചുവേളിയില്‍ നിന്നുമെടുത്ത ട്രെയിന്‍ ചിറയിന്‍കീഴ് എത്തുന്നതിന് മുന്‍പെയാണ് ആദ്യം എഞ്ചിനില്‍ നിന്നും വിട്ടു പോയത്. പ്രശ്നം പരിഹരിച്ച ശേഷം ഇവിടെ നിന്നും യാത്ര തുടര്‍ന്നെങ്കിലും പരവൂര്‍ സ്റ്റേഷന്‍ എത്തും മുന്‍പ് തീവണ്ടി വീണ്ടും എഞ്ചിനില്‍ നിന്നും വിട്ടുപോന്നു. 

നിയന്ത്രണം നഷ്ടമായ തീവണ്ടി പിന്നോട്ടേക്ക് പോയി. ഇതോടെ വീണ്ടും റെയില്‍വേ ഉദ്യോഗസ്ഥരെത്തി തീവണ്ടിയും എഞ്ചിനും തമ്മില്‍ സംയോജിപ്പിച്ചു. നിലവില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയോടുന്ന തീവണ്ടി 6.15-ന് കൊല്ലത്ത് എത്തിയിട്ടുണ്ട്.