Asianet News MalayalamAsianet News Malayalam

ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം, എ വി ജോര്‍ജിനെ കുറ്റവിമുക്തനാക്കി; ഡിഐജിയായി സ്ഥാനകയറ്റവും

സംഭവത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജോര്‍ജ് സാക്ഷി മാത്രമെന്ന് ഡി ജി പിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

rural sp av george free from varapuzha custody death
Author
Kochi, First Published May 31, 2019, 9:35 PM IST

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡിമരണക്കേസില്‍ എറണാകുളം മുന്‍ റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.ജോര്‍ജ്ജിന് സംഭവവുമായി ബന്ധമില്ലെന്ന ക്രൈംബ്രാഞ്ചിന്‍റെയും ഡിജിപിയുടെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റവിമുക്തനാക്കിയത്.

വരാപ്പുഴയില്‍ കസറ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസ് മര്‍ദ്ദനത്തിനിരയായാണ് മരിച്ചത്. അന്നത്തെ എറണാകുളം റൂറല്‍ എസ്പിയായിരുന്ന എ വി ജോര്‍ജ്ജിന്‍റെ കീഴിലുള്ള ടൈഗര്‍ ഫോഴ്സിലെ പൊലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. എസ് പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ടൈഗര്‍ ഫോഴ്സിലെ പൊലീസുകാര്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ആരോപണം.

ഇതേ തുടര്‍ന്ന് ജോര്‍ജ്ജിനെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ ജോര്‍ജ്ജിന് സംഭവുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു കസ്റ്റഡിമരണം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട്. ജോര്‍ജ്ജ് കേസില്‍ ഒരു സാക്ഷി മാത്രമാണെന്നും, കേസില്‍ നേരിട്ട് ബന്ധമില്ലെന്നും ഡിജപിയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് സസ്പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുത്ത ജോര്‍ജ്ജിനെ കോഴിക്കാട് കമ്മീഷണറായി സര്‍ക്കാര്‍ നിയമിക്കുകയും ഇപ്പോള്‍ വകുപ്പ് തല നടപടികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ജോര്‍ജ്ജിന് ഡിഐജിയായി സ്ഥാനക്കയറ്റം നല്‍കാന്‍ നേരത്തെ പ്രമേഷമന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നെങ്കിലും കസ്റ്റഡി മരണകേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ സ്ഥാനക്കയറ്റം സര്‍ക്കാര്‍ തടഞ്ഞു വച്ചു. സര്‍ക്കാര്‍ ജോര്‍ജ്ജിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ഡിഐജിയായി വൈകാതെ സ്ഥാനക്കയറ്റം നല്‍കും. ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ 7 പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios