ദില്ലി: ദില്ലിയിലെ കർഷക സമരം സുപ്രീംകോടതി പരിഗണിക്കേണ്ട വിഷയമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. എക്സീക്യൂട്ടീവിന്റെ വരുതിക്ക് നിൽക്കുന്ന സുപ്രീം കോടതിയെ ഉപയോഗിച്ച് സമരത്തെ നേരിടാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയരണമെന്നും എസ് രാമചന്ദ്രൻ പിള്ള ആവശ്യപ്പെട്ടു. കർഷകസംഘം നയിക്കുന്ന മാർച്ച് കണ്ണൂരിൽ  ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിലെ കർഷക സമരത്തിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്നും 500 കർഷകർ ദില്ലിയിലേക്ക് പുറപ്പെട്ടു. 

അതേസമയം കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട നൽകിയ ഹർജി കൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ എത്തും. ചർച്ചകൾക്കായി മധ്യസ്ഥ സമിതിയെ നിയോഗിക്കാമെന്നു സുപ്രീം കോടതി നേരത്തെ നിർദേശിച്ചിരുന്നു. ചർച്ചയിലെ പുരോഗതി സംബന്ധിച്ച സർക്കാർ നൽകുന്ന റിപ്പോർട്ട് കോടതി വിലയിരുത്തും.