അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിന്‍റെ പാരമ്പര്യവും പൈതൃകവും നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. എസ്ആർപി പറയുന്നു

ദില്ലി: ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിക്ക് ഒരു ടേം കൂടി നൽകുന്നിൽ പാർട്ടിയിൽ തർക്കമില്ലെന്ന് എസ് രാമചന്ദ്രൻ പിള്ള. പിബിയിൽ നിന്നൊഴിഞ്ഞാലും പാർട്ടി പ്രവർത്തനത്തിൽ സജീവമായി തുടരുമെന്നും എസ്ആർപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോൺഗ്രസിന് വർഗീയതയെ ചെറുക്കാനാവില്ലെന്നും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പറയുന്നു. 

യെച്ചൂരിക്ക് ഒരു ടേം കൂടി നൽകുന്നതിൽ തര്‍ക്കമില്ലെന്നും ഐക്യത്തോടെ തീരുമാനമുണ്ടാകുമെന്നുമാണ് എസ്ആര്‍പി പറയുന്നത്. പിബിയിൽ നിന്നൊഴിഞ്ഞാലും പാര്‍ട്ടി പ്രവര്‍ത്തനത്തിൽ സജീവമായി തുടരുമെന്നും പാര്‍ട്ടി വിദ്യാഭ്യാസരംഗത്ത് സജീവമാകുമെന്നും പിബിയിൽ നിന്ന് ഒഴിയുന്ന എസ് രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. 

അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിന്‍റെ പാരമ്പര്യവും പൈതൃകവും നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ്. ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിച്ച് കൊണ്ട് ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ ഇടതുപക്ഷ പാർട്ടികൾ ശക്തിപ്പെടണം. മതനിരപേക്ഷ കക്ഷികൾ ഒത്തു ചേരണം. ഇവരെ കൂട്ടിച്ചേർക്കുകയെന്ന ഉത്തരവാദിത്വമാണ് സിപിഎമ്മിനുള്ളതെന്നും എസ്ആർപി പറഞ്ഞു. കോണ്‍ഗ്രസിന് വര്‍ഗീയതയെ ചെറുക്കാനാകില്ലെന്നും എസ്ആർപി വിമർശിക്കുന്നു. ഹിന്ദുരാജ്യമാണ് കോണ്‍ഗ്രസിന്‍റെ നയമെന്നാണ് ആക്ഷേപം. 

YouTube video player

കോൺഗ്രസ് കോൺഗ്രസിന്‍റെ നിലപാട് വ്യക്തമാക്കണം. അതിന്‍റെ അടിസ്ഥാനത്തിലെ യോജിപ്പിന്‍റെ കാര്യത്തിൽ തീരുമാനമുണ്ടാകുക. കോൺഗ്രസ് ഹിന്ദു രാഷ്ട്രത്തിന് പകരം ഹിന്ദു രാജ്യമാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഉദാരവത്കരണത്തിന് തുടക്കമിട്ടത് അവരാണ്. എസ്ആ‌ർപി പറയുന്നത്. 

പാർട്ടിയിൽ പുതിയ തലമുറയെക്കൊണ്ടുവരാനാണ് ഇപ്പോൾ ശ്രമം. 75 കടന്നവർ പുതിയ പ്രവർത്തന മേഖലകളിലേക്ക് കടക്കും. താൻ പാർട്ടി വിദ്യാഭ്യാസത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എസ്ആർപി വ്യക്തമാക്കി. 

കേരളത്തിൽ കെ റെയിൽ അത്യാവശ്യമായ പദ്ധതിയാണെന്നും എസ്ആർപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിന്‍റെ സമഗ്രമായ വികസനത്തിന് സഹായിക്കുന്ന പദ്ധതിയാണ് ഇത്. പുറത്ത് നിന്ന് സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കണമെങ്കില്‍ യാത്രാ സൗകര്യം വിപുലപ്പെടുത്തേണ്ടതുണ്ട്. അതിനാണ് കെ റെയിൽ പദ്ധതി. പരിസ്ഥിതിയെ സംരക്ഷിക്കുന്ന പദ്ധതിയാണ് കെ റെയിൽ എന്നാണ് എസ്ആർപി അവകാശപ്പെടുത്തുന്നത്. അപൂർവ്വം ചിലയാളുകളുടെ ആശങ്കയെ പൊളിറ്റിക്കലായി ഉപയോഗപ്പെടുത്തുകയാണെന്നാണ് എസ്ആർപിയുടെ വാദം.