ശബരിമല വിമാനത്താവളം പദ്ധതിയുടെ കൺസൾട്ടൻ്റായി നവി മുംബൈയിലെ എസ്‌ടിയുപി കമ്പനിയെ നിയമിച്ചു. ഇവർക്ക് 4.3 കോടി രൂപ നൽകാനും തീരുമാനം
തിരുവനന്തപുരം: ശബരിമല ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികള്‍ക്കുമായി 4.366 കോടി രൂപ കണ്‍സള്‍ട്ടന്‍സി ഫീസായി നിശ്ചയിച്ചു. നവി മുബൈയിലെ എസ് ടി യു പി കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡിനെ കണ്‍സള്‍ട്ടന്‍റായി നിയോഗിച്ച കെ എസ് ഐ ഡി സിയുടെ നടപടി വ്യവസ്ഥകളോടെ അംഗീകരിച്ചു. വിമാനത്താവള പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച കമ്മിറ്റിയെ ചുമതലപ്പെടുത്തി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രഖ്യാപിച്ച വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് 351,48,03,778 രൂപയുടെ മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ ഏപ്രിൽ 11ലെ ഉത്തരവ് പ്രകാരം വയനാട് ജില്ലാ കളക്ടറുടെ സിഎംഡിആര്‍എഫ് അക്കൗണ്ടിൽ നിന്ന് ഹൈക്കോടതി രജിസ്ട്രാറുടെ അക്കൗണ്ടിലേക്ക് 17 കോടി രൂപ നിക്ഷേപിച്ച ജില്ലാ കളക്ടറുടെ നടപടി സാധൂകരിച്ചു. വയനാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 17 കോടി രൂപ അനുവദിച്ച സർക്കാർ നടപടിയും സാധൂകരിച്ചു.
വയനാട് ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട്, സ്പെഷ്യൽ ഓഫിസറും, ഇപിസി കോൺട്രാക്ടറും തമ്മിൽ ഇപിസി കരാർ ഒപ്പുവയ്ക്കുന്ന മുറയ്ക്ക്, ഇപിസി കോൺട്രാക്ടർക്ക് (യുഎല്‍സിസിഎസ്) മുൻകൂർ തുക അനുവദിക്കും. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 20 കോടി രൂപ വയനാട് ടൗൺഷിപ്പ് സ്പെഷ്യൽ ഓഫീസർക്ക് അനുവദിക്കാനും തീരുമാനമുണ്ട്.