മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടത്. ഓരോ സർവേയ‍ർമാർക്കും പ്രത്യേകം ചുമതല നൽകും.

പത്തനംതിട്ട: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്‍റെ സ്ഥലം ഏറ്റെടുക്കലിനുള്ള റവന്യൂ സർവേ അടുത്തയാഴ്ച തുടങ്ങും. മെയ് 21 മുതൽ റവന്യു വകുപ്പ് സർവേ ആരംഭിക്കും. സാമൂഹികാഘാത പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുപ്പിനായി എട്ട് സർവേയർമാരെ നിയമിച്ചു. എട്ട് മാസത്തിനുളളിൽ നടപടികൾ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം. രണ്ട് ഘട്ടമായാണ് സ്ഥലമേറ്റെടുപ്പിനുള്ള റവന്യു സർവേ നടക്കുക. ആദ്യത്തെ നാല് മാസം കൊണ്ട് പ്രാഥമിക സർവേ പൂർത്തിയാക്കും. അടുത്ത നാല് മാസം സൂക്ഷമ പരിശോധനയിലൂടെ എല്ലാ സ്ഥലങ്ങളിലും സർവേ നടത്തിയെന്ന് ഉറപ്പ് വരുത്തും. 

മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ടത്. ഓരോ സർവേയ‍ർമാർക്കും പ്രത്യേകം ചുമതല നൽകും. കോട്ടയം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് നടപടികൾ. വിമാനത്താവളത്തിന്‍റെ പാരിസ്ഥിതിക ആഘാത പഠനവും സാമൂഹികാഘാത പഠനവും നേരത്തേ പൂ‍ർത്തിയാക്കിയിരുന്നു. പരമാവധി വേഗത്തിൽ സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യം. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകൾക്കും ഏറ്റെടുക്കുന്നതിന്റെ സമീപത്തുള്ള വസ്തുവിന്റെ ഉടമകൾക്കും നോട്ടിസ് നൽകും. ഡപ്യൂട്ടി കളക്ടറുടെ ഓഫീസാണ് സർവേ നടപടികൾ ഏകോപിപ്പിക്കുന്നത്.

സാമൂഹിക ആഘാത പഠന റിപ്പോർട്ട് പ്രകാരം 352 കുടുംബങ്ങളെയാണ് വിമാനത്താവള പദ്ധതി ബാധിക്കുക. ഇതിൽ 347 കുടുംബങ്ങളിൽ ഉള്ളവരുടെ ജീവനോപാധികൾ നഷ്ടമാകും. ഇവർക്കുള്ള പുനരധിവാസ പാക്കേജ് തയ്യാറാക്കണം.  പിണറായി വിജയൻ സർക്കാരിന്‍റെ അഭിമാന പദ്ധതിയാണ് ശബരിമല വിമാനത്താവളം. അതുകൊണ്ട് തന്നെ നടപടികൾ അതിവേഗം നിർമ്മാണം തുടങ്ങുകയാണ് ലക്ഷ്യം.