ദില്ലി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിശാലബെഞ്ചിൽ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഇന്നുമുതൽ തുടര്‍ച്ചയായ ദിവസങ്ങളിൽ വാദം കേൾക്കും. ശബരിമല പുനപരിശോധന ഹർജികൾ പരിഗണിച്ച അഞ്ചംഗ ബെഞ്ച് ഏഴ് ചോദ്യങ്ങളാണ് വിശാലബെഞ്ചിന് വിട്ടത്.

നേരത്തെ വിശാല ബെഞ്ചിനെതിരെ ഉയര്‍ന്ന വാദങ്ങൾ കോടതി തള്ളിയിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്‍റെ പരിധിയും വ്യാപ്തിയും എന്താണ് മതസ്വാതന്ത്ര്യത്തിലെ ധാര്‍മ്മികതയുടെ നിര്‍വ്വചനം തുടങ്ങി ഏഴ് പരിഗണന വിഷയങ്ങളിലാണ് ഭരണഘടന ബെഞ്ച് വാദം കേൾക്കുക. വാദങ്ങൾ പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം ചീഫ് ജസ്റ്റിസ് നൽകിയിരുന്നു. ശബരിമല കേസിൽ ആചാരസംരക്ഷണത്തെ പിന്തുണക്കാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. ക്രിമിനൽ സ്വഭാവം ഇല്ലാത്ത ആചാരങ്ങളിൽ കോടതി ഇടപെടരുതെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.