യുവതീ പ്രവേശന കേസുകൾ പരിഗണിക്കാൻ സുപ്രീംകോടതി ഒൻപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്‍റെ നിർണ്ണായകമായ നീക്കം. സർക്കാർ പിന്തുണയോടെയാണ് നീക്കം. 

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. വൈകീട്ട് മൂന്നിനാണ് യോഗം. യുവതീപ്രവേശനത്തെ അനുകൂലിച്ചുള്ള മുൻ നിലപാടിൽ മാറ്റം വരുത്താനാണ് ശ്രമം. ആചാര അനുഷ്ഠാനങ്ങൾ വിലയിരുത്തി പുതിയ സത്യവാങ്മൂലം നൽകുമെന്നാണ് ദേവസ്വം പ്രസിഡന്‍റ് എൻ വാസു കഴിഞ്ഞ ദിവസം പറഞ്ഞത്. ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാട് എടുക്കാമെന്നാണ് സർക്കാരിന്റെ നിലപാട്.

യുവതീപ്രവേശന കേസുകൾ പരിഗണിക്കാൻ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോർഡിന്‍റെ നിർണ്ണായകമായ നീക്കം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിലെടുത്തത്. റിവ്യു ഹർജി കൊടുക്കാൻ വിസമ്മതിച്ച ബോർഡ് നൽകിയിരുന്നത് വിധി നടപ്പാക്കാനുള്ള സാവകാശഹർജി ആയിരുന്നു. എന്നാൽ, എൻ വാസുവിന്‍റെ നേതൃത്വത്തിലെ പുതിയ ബോർഡ് നിലപാട് മാറ്റത്തിനൊരുങ്ങുകയാണ്. യുവതീപ്രവേശനത്തിനായി ശക്തിയായി വാദിച്ച സർക്കാറിന്‍റെ പിന്തുണയും ഇപ്പോള്‍ ബോർഡിനുണ്ട്.

സമാധാനാന്തരീക്ഷത്തിൽ പുരോഗമിക്കുന്ന നിലവിലെ മണ്ഡല-മകരവിളക്ക് കാലവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് ബോർഡിന്‍റെ നിലപാട് മാറ്റം. ബോ‍ർഡിന്‍റെ സത്യവാങ്മൂലം വഴി ശബരിമല പ്രശ്ത്തിലെ എതിർപ്പ് കുറക്കാനാകുമെന്നാണ് സർക്കാർ നിലപാട്. യുവതീപ്രവേശനത്തിൽ തെറ്റ് തിരുത്തൽ പ്രഖ്യാപിച്ച സിപിഎം വിശ്വാസികളുമായി വീണ്ടും ഏറ്റുമുട്ടലിനും തയ്യാറല്ല.