Asianet News MalayalamAsianet News Malayalam

വെള്ളവും ഭക്ഷണവുമില്ല: ഇലവുങ്കലിൽ ശബരിമല തീര്‍ത്ഥാടകരുടെ പ്രതിഷേധം; നിലയ്ക്കലിൽ ബസിലും പ്രതിഷേധം

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് നിലക്കൽ നിന്നും പമ്പയ്ക്ക് പോകുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തിയത്. എന്നാൽ ഇത് സ്ഥിതി കൂടുതൽ രൂക്ഷമാക്കി

Sabarimala devotees protest at Elavungal and Nilaykkal kgn
Author
First Published Dec 11, 2023, 9:24 PM IST

പമ്പ: ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ ഇലവുങ്കലിൽ പ്രതിഷേധിച്ചു. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകൾ കിടക്കേണ്ടിവന്നതോടെയാണ് തീര്‍ത്ഥാടകര്‍ സംഘം ചേര്‍ന്ന് പ്രതിഷേധിച്ചത്. പ്ലാപള്ളി മുതൽ നിലയ്ക്കൽ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. കെ എസ് ആർ ടി സി ബസിൽ നിലക്കലിലും പ്രതിഷേധം ഉയര്‍ന്നു.  തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിനും പോലീസിനും തുടക്കത്തിലെ ഉണ്ടായ വീഴ്ചകൾ തന്നെയാണ് ഈ തീർത്ഥാടക ദുരിതത്തിന് കാരണം.

ശബരിമല തീ‍ർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു. നാളെ രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാ‍ർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർ‍ഡ് പ്രസിഡന്റ്, ഡിജിപി എന്നിവ‍ർ പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങളിൽ തിക്കും തിരക്കും കൂടി തീർത്ഥാടകർ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

നാലാം ദിനവും തീർത്ഥാടകർക്ക് ശബരിമലയിൽ ദുരിതം തന്നെയാണ്. ഇടത്താവളങ്ങളിലും റോഡുകളിലും മണിക്കൂറുകൾ കാത്തു കിടന്നാണ് നിലക്കൽ ബേസ് ക്യാമ്പിലേക്ക് ഭക്തര്‍ക്ക് എത്താൻ കഴിയുന്നത്. പമ്പയിലേക്കുള്ള ആശ്രയം കെഎസ്ആർടിസി ബസുകൾ മാത്രമാണ്. തിരക്ക് നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി 10 മിനിറ്റിൽ 2 ബസെന്ന ക്രമീകരണത്തിലാണ് പോലീസ് പമ്പയ്ക്കു ബസ്സുകൾ വിടുന്നത്. ഒരു വിധം ബസ്സിനുള്ളിൽ കയറി പറ്റുന്ന തീർത്ഥാടകർ ഇതോടെ മണിക്കൂറോളം നരകയാതന അനുഭവിക്കേണ്ട സ്ഥിതിയാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭക്തര്‍ തളർന്നുവീഴുന്ന സാഹചര്യവുമുണ്ട്..

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് നിലക്കൽ നിന്നും പമ്പയ്ക്ക് പോകുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തിയത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തീർത്ഥാടകരുടെ വരവിൽ കാര്യമായ കുറവുണ്ടായില്ല. സന്നിധാനത്ത് 5 മണിക്കൂർ അധികം കാത്തു നിന്നാണ് ഭക്തര്‍ ദർശനം നേടുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് നിലക്കലിലെ ക്രമീകരണം നേരിട്ട് എത്തി വിലയിരുത്തണമെന്നാണ് ഹൈക്കോടതി നിർദേശം നൽകിയത്.
 

Latest Videos
Follow Us:
Download App:
  • android
  • ios