Asianet News MalayalamAsianet News Malayalam

ശബരിമല തീര്‍ത്ഥാടനം: സന്നിധാനത്ത് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ അവലോകന യോഗം

തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ ഒരുക്കങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജൻഡ. രാവിലെ 10 മണിക്കാണ് യോഗം ചേരുക

sabarimala facilities discussion today with the presence of devaswom minister
Author
Pamba, First Published Nov 17, 2019, 12:10 AM IST

പമ്പ: മണ്ഡല മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് ഇന്ന് അവലോകന യോഗം ചേരും. ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു, പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ്, സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ ഒരുക്കങ്ങളാണ് യോഗത്തിന്‍റെ പ്രധാന അജൻഡ. രാവിലെ 10 മണിക്കാണ് യോഗം ചേരുക. ഇന്നലെ വൈകിട്ടാണ് മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നത്. വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിച്ചത്.

പിന്നാലെ ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടന്നു. ശബരിമല മേൽശാന്തിയായി എ കെ സുധീർ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി എം എസ് പരമേശ്വരൻ നമ്പൂതിരിയുമാണ് സ്ഥാനമേറ്റത്.

ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. അഞ്ച് സെക്ടറുകളായി തിരിച്ച് പതിനായിരം പൊലീസുകാരെയാണ് ശബരിമല പരിസരത്ത് വിന്യസിച്ചിട്ടുള്ളത്. കൂടാതെ വനമേഖലയിലും പ്രത്യേക നിരീക്ഷണം ഉണ്ട്. പരമ്പരാഗത കാനനപാതകള്‍ വഴി തീർത്ഥാടകരെ കയറ്റിവിടുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios