Asianet News MalayalamAsianet News Malayalam

നിയന്ത്രണങ്ങളില്ല, മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ശബരിമല; ദേവസ്വം ബോർഡും പ്രതീക്ഷയിൽ 

കൂടുതൽ തീർത്ഥാടകർ എത്തുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ദേവസ്വം ബോർഡും പ്രതീക്ഷയിലാണ്. 

Sabarimala festival will start from november 16
Author
First Published Nov 11, 2022, 7:18 AM IST

പത്തനംതിട്ട : ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം ബാക്കി. രണ്ട് വർഷത്തിന് ശേഷമാണ് നിയന്ത്രണങ്ങളെല്ലാം നീക്കി പൂർണതോതിലുള്ള തീർത്ഥാടന കാലം വരുന്നത്. കൂടുതൽ തീർത്ഥാടകർ എത്തുന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ദേവസ്വം ബോർഡും പ്രതീക്ഷയിലാണ്. 

കൊവിഡ് നിയന്ത്രണങ്ങളാൽ സന്നിധാനത്തേക്ക് ചുരുങ്ങിയ തീർത്ഥാടകരെ കയറ്റിയ കാലം മാറുകയാണ്. ഇക്കുറി എല്ലാം സാധാരണ പോലെയാണ്.നിയന്ത്രണങ്ങളില്ലാതെ അയപ്പസന്നിധിയിലേക്ക് തീർത്ഥാടകർ എത്തും. പമ്പ സ്നാനം മുതൽ നെയ് അഭിഷേകം വരെ ആചാരപ്രകാരമുള്ള ചടങ്ങുകൾക്കൊന്നും വിലക്കില്ല. നട തുറക്കുന്ന നവംബർ 16 ന് വൈകീട്ട് മുതൽ തീർത്ഥാടകരെ പ്രവേശിപ്പിക്കും. വൃശ്ചികം ഒന്ന് മുതൽ ആദ്യ നാല് ദിവസത്തേക്ക് പ്രതിദിനം വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തവരുടെ എണ്ണം ഇതുവരെ 50000 കടന്നു. വെർച്ച്വൽ ക്യൂവിന് പുറമെ വിവിധ ഇടങ്ങളിൽ സ്പോട്ട് ബുക്കിംഗും ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ സന്നിധാനത്തേക്ക് ദിവസവും എത്തുന്നവരുടെ എണ്ണം ഒരു ലക്ഷം കടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും ചേർന്നാണ് തീർത്ഥാടനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത്. 

സ്വാമി അയ്യപ്പൻ റോഡും നീലിമല പാതയും കാനന പാതകളും ദർശനത്തിനെത്തുന്നവർക്ക് ഉപയോഗിക്കാം. നിലയ്ക്കലിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം. തിരുവാഭരണ ഘോഷയാത്രക്കും തങ്ക അങ്കി ഘോഷയാത്രക്കും എരുമേലി പേട്ട തുള്ളലിനും നിയന്ത്രണങ്ങളില്ലാത്തതിനാൽ ഈ ദിവസങ്ങളിൽ ഇതര സംസ്ഥാനത്ത് നിന്നടക്കം കൂടുതൽ ഭക്തർ സന്നിധാനത്തെത്തുമെന്നാണ് പ്രതീക്ഷ.  

 

Follow Us:
Download App:
  • android
  • ios