ദ്വാരപാലക ശിൽപ്പങ്ങള്‍ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് പൊതിഞ്ഞത് സ്വര്‍ണ തകിട് ഉപയോഗിച്ചാണെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകൻ.1999ൽ ശില്പങ്ങളിൽ സ്വർണം പൊതിയുമ്പോൾ സന്നിധാനത്തുണ്ടായിരുന്ന വേണു മാധവൻ സ്വര്‍ണം പൊതിയുന്നത് നേരിട്ട് കണ്ടിരുന്നു.

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങള്‍ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് പൊതിഞ്ഞത് സ്വര്‍ണ തകിട് ഉപയോഗിച്ചാണെന്ന വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകൻ വേണു മാധവൻ. 1999ൽ ശില്പങ്ങളിൽ സ്വർണം പൊതിയുമ്പോൾ വേണു മാധവൻ സന്നിധാനത്തുണ്ടായിരുന്നു. ശില്പത്തിൽ യുബി ഗ്രൂപ്പ് സ്വർണം പൂശിയതെന്ന വാദം തെറ്റാണെന്നും വേണു മാധവൻ പറഞ്ഞു. അന്ന് ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതല്ല. ഇളക്കിയെടുക്കാൻ കഴിയുന്ന രീതിയിൽ സ്വർണതകിടാണ് പൊതിഞ്ഞത്. ഒരു തവണ ശില്പങ്ങൾക്ക് മുകളിൽ ചോർച്ച വന്നപ്പോൾ ഇളക്കി പണികൾ നടത്തിയിരുന്നുവെന്നും കൊടിമരത്തിലാണ് സ്വർണം പൂശിയതെന്നും വേണു മാധവൻ വെളിപ്പെടുത്തി.

തനിക്ക് ലഭിച്ചത് ചെമ്പ് തകിടെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി

അതേസമയം, ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഉണ്ണികൃഷ്‌ണൻ പോറ്റി. തന്‍റെ കൈവശം ലഭിച്ചത് ചെമ്പ് തകിടെന്നും ദേവസ്വം വിജിലൻസിന്‍റെ ചോദ്യം ചെയ്യലിലും ഉണ്ണികൃഷ്ണൻ പോറ്റി ആവര്‍ത്തിച്ചു. ചില കാര്യങ്ങളില്‍ പോറ്റി അവ്യക്തമായ മൊഴി നല്‍കിയതിനാല്‍ ദേവസ്വം വിജിലന്‍സ് വീണ്ടും മൊഴിയെടുക്കും. ഇന്നലെ മണിക്കൂറുകളോളമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. ഇതിലെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പണം സമ്പാദനം നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ രേഖാമൂലമാണ് ചെമ്പ് തകിട് നൽകിയതെന്നും ഉദ്യോഗസ്ഥ വീഴ്ചയിൽ തനിക്ക് പങ്കില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. തന്‍റെയും മറ്റു സ്പോണ്‍സര്‍മാരുടെയും പണം കൊണ്ടാണ് പാളികള്‍ സ്വര്‍ണം പൂശിയതെന്നും പോറ്റി മൊഴി നൽകി.

പീഠം കാണാതായ സംഭവത്തിൽ സഹപ്രവര്‍ത്തകനെ പഴിചാരിയാണ് പോറ്റി മൊഴി നൽകിയത്. സുഹൃത്തായ വാസുദേവന് കൈമാറിയ പീഠം കാണാതാവുകയായിരുന്നുവെന്നും പരാതി ഉന്നയിച്ചശേഷം തിരിച്ചുകൊണ്ടുവെക്കുകയായിരുന്നുവെന്നുമാണ് മൊഴി. അതേസമയം, പോറ്റിയുടെ മൊഴി വീണ്ടും എടുക്കുന്നതിനൊപ്പം 2019 ലും 2025ലും സ്വർണപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ സമയത്തുള്ള ഉദ്യോഗസ്ഥരുടെ മൊഴിവിജിലൻസ് രേഖപ്പെടുത്തും. അന്വേഷണം രഹസ്യമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. അന്വേഷണ രഹസ്യങ്ങള്‍ ചോരരുതെന്ന് എസ്‍പിക്ക് കോടതി നിര്‍ദേശം നൽകി.

YouTube video player