പത്തനംതിട്ട: ശബരിമലയിൽ വഴിപാടായി കിട്ടിയ നാൽപ്പത് കിലോ സ്വർണ്ണവും നൂറ് കിലോയിലേറെ വെള്ളിയും എവിടെ എന്നറിയാൻ ഇന്ന് സ്ട്രോംങ്ങ് റൂം തുറന്ന് പരിശോധിക്കും. ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തോട് ചേർന്നുള്ള സ്ട്രോങ്ങ് റൂമിലെ മഹസറാണ് ഹൈക്കോടതി നിയോഗിച്ച ഓഡിറ്റ് വിഭാഗം പരിശോധിക്കുക. 

ഭക്തർ വഴിപാടായും ഭണ്ഡാരം വഴിയും ശബരിമല ക്ഷേത്രത്തിന് നൽകിയ നാൽപ്പത് കിലോ സ്വർണ്ണം, നൂറ്റി ഇരുപത് കിലോയിലേറെ വെള്ളി എന്നിവ എവിടെ പോയെന്നതിന് രേഖകളില്ലെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തൽ. 2017 മുതലുള്ള കണക്കുകളിലാണ് ഓഡിറ്റിംഗ് വിഭാഗം പൊരുത്തക്കേടുകൾ ചൂണ്ടികാട്ടുന്നത്.

രാവിലെ പത്തനംതിട്ടയിലെ ദേവസ്വം ഓഫീസിലും ഓഡിറ്റിംഗ് സംഘം എത്തും. ശബരിമലയിലെ രേഖകളിൽ സ്വർണം എത്തിയെന്ന് കാണിക്കുന്നുണ്ടെങ്കിലും മഹസറിൽ രേഖപ്പെടുത്തിയില്ലെങ്കിൽ സ്വർണ്ണം തൂക്കി നോക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരും. 

എന്നാൽ ശബരിമല സ്വർണം നഷ്ടമായിട്ടില്ലെന്നും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനാണ് അനാവശ്യവിവാദത്തിന് പിന്നിലെന്നുമാണ് ദേവസ്വം നിലപാട് ബോർഡിന്‍റെ നിലപാട്.