ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന പി എസ് പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമർപ്പിച്ചു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നു.

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തും എ അജികുമാറും കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും പ്രതികൾ ജാമ്യ ഹർജിയിൽ പറയുന്നു. അറസ്റ്റിനുശേഷം കേസിൽ തുടർ നടപടികൾ ഇല്ലെന്നും മറ്റ് ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നും ഹർജിയിലുണ്ട്. തങ്ങളുടെ അറസ്റ്റ് മാത്രമായിരുന്നു ലക്ഷ്യമെന്ന് എ അജികുമാർ ഹർജിയിൽ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളും അജികുമാർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

അറസ്റ്റിലായി 19-ാം ദിവസമാണ് പി എസും പ്രശാന്തും എ അജികുമാറും ജാമ്യാപേക്ഷ സമർപ്പിച്ചത്. ജൂലൈ 23നായിരുന്നു ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്. 2019ലെ സ്വര്‍ണക്കൊള്ള മറച്ചുവെക്കാനാണ് 2025ൽ പി എസ് പ്രശാന്ത് പ്രസിഡൻ്റായ ബോർഡ് ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയെ അറിയിക്കാതെയായിരുന്നു സ്വർണം പൂശാനായി വീണ്ടും പാളികൾ കൈമാറിയത്. കോടതിയുടെ മുൻകൂർ അനുമതി തേടാത്തത് സാങ്കേതിക പിഴവെന്നായിരുന്നു പി എസ് പ്രശാന്ത് വിശദീകരിച്ചത്. പ്രതികളുടെ വാദങ്ങൾ തള്ളിയ എസ്ഐടി ഗൂഡാലോചന ഉൾപ്പടെയുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടി അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.