ശബരിമല സ്വര്‍ണ കൊള്ള കേസിൽ അന്വേഷണവുമായി ഇഡിയും. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. ഇതിനിടെ, ദേവസ്വം വിജിലന്‍സിന്‍റെ അന്തിമ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പും പുറത്തുവന്നു. ദേവസ്വത്തിനെതിരെ നടപടി വേണമെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള കേസിൽ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും. അന്വേഷണത്തിന്‍റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. ഇതിനിടെ, ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സ്വര്‍ണക്കവർച്ചയിലെ ദുരൂഹത വ്യക്തമാക്കുന്ന വിവരങ്ങളാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ദേവസ്വം ബോർഡിനെ സംശയിച്ചാണ് ദേവസ്വം വിജിലൻസ് റിപ്പോര്‍ട്ട്.

നിയമവിരുദ്ധമായി ഉദ്യോഗസ്ഥർ ചെയ്തത് ദേവസ്വം ബോർഡ് അധികാരികൾ അറിഞ്ഞില്ലെന്ന് കരുതാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥ താല്പര്യം മാത്രമെന്ന് കാണാൻ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് സംശയം നീളുന്നതാണ് റിപ്പോര്‍ട്ട്. 2019 ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഉണ്ടോയെന്ന് സംശയമുണ്ടെന്നും നിയമവിരുദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദേവസ്വത്തിന് പുറത്തു കൊണ്ട് പോയി സ്വർണ്ണം പൂശാൻ ഇടയായത് 2019 ലെ ബോർഡിന്‍റെ വീഴ്ചയാണെന്നും ബോർഡിനെതിരെയും തുടർനടപടി വേണമെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ടിലുണ്ട്.

അതേസമയം, ശബരിമലയിലെ സ്വർണാപഹരണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീളുകയാണ്. ശബരിമലയിലെ സ്വർണാപഹരണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിലെ എഫ് ഐആറിൽ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ത്തു. 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയാണ് എട്ടാം പ്രതിയായി ചേർത്തിരിക്കുന്നത്. ആരുടെയും പേര് എഫ്ഐആറിലില്ല. എ പത്‌മകുമാർ പ്രസിഡന്‍റാായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ‍ ഇളക്കി എടുത്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. ബോർഡിന് നഷ്‌ടമുണ്ടാക്കാനായി പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ കണ്ടെത്തൽ. പത്മകുമാർ പ്രസിഡന്‍റായ ബോര്‍ഡിൽ ശങ്കർ ദാസ്, കെ .രാഘവൻ എന്നിവരായിരുന്നു അംഗങ്ങൾ.

അതേസമയം, എഫ്ഐആറിനെക്കുറിച്ച് അറിയില്ലെന്നാണ് മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ പ്രതികരണം.ഏത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്ന് എ പത്മകുമാര്‍ പറഞ്ഞു. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും തന്‍റെ കാലത്ത് ശബരിമലയിൽ ചെയ്തിട്ടില്ലെന്നും ആക്രമിച്ച് ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്നും എ പത്മകുമാര്‍ പറഞ്ഞു. ഉടമസ്ഥൻ വീട് പൂട്ടിപ്പോയശേഷം വീട്ടിൽ മോഷണം നടന്നാൽ അതിന് വീട്ടുടമസ്ഥൻ ഉത്തരം പറയേണ്ട അവസ്ഥപോലെയാണിത്. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അറിഞ്ഞോ അറിയാതെയോ തന്‍റെ കാലത്ത് തന്‍റെ ഭാഗത്തുനിന്നോ ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്തുനിന്നോ യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല. മാധ്യമങ്ങളല്ലാതെ ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. വീഴ്ചയുണ്ടോയെന്ന് കോടതി പരിശോധിക്കട്ടെയെന്നും എഫ്ഐആറിനെക്കുറിച്ച് അറിയില്ലെന്നും എ പത്മകുമാര്‍ പറഞ്ഞു. 2007 മുതലാണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെത്തുന്നത്. തന്‍റെ കാലം മുതൽ അല്ല. 2007ന് മുമ്പ് ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ തന്ത്രി ആരാണെന്ന് അന്വേഷിച്ചു നോക്കണമെന്നും പത്മകുമാര്‍ തന്ത്രിയെ ഉന്നംമിട്ട് വിമര്‍ശിച്ചു. ആ സമയത്ത് പോറ്റി അവിടെ ശാന്തിക്കാരൻ ആയിരുന്നുവെന്നും പോറ്റി എങ്ങിനെ ശബരിമലയിൽ കയറി കൂടി എന്ന് മാധ്യമങ്ങൾ അന്വേഷിക്കണമെന്നും പത്മകുമാര്‍ പറഞ്ഞു.

YouTube video player