സി പി എമ്മിന്റെ അറിവോടുകൂടിയാണ് കൊള്ള നടന്നത്. സ്വന്തം നേതാക്കൾ ജയിലിലേക്ക് പോകുമ്പോൾ പാർട്ടിക്ക് ഒരു കുഴപ്പമില്ലെന്ന് പറയാൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാത്രമേ കഴിയൂ എന്നും സതീശൻ പരിഹസിച്ചു
കൊച്ചി: ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സി പി എം ജില്ലാ കമ്മിറ്റി അംഗവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമായ എ പത്മകുമാറിനെ എസ് ഐ ടി അറസ്റ്റ് ചെയ്തതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. സി പി എം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചെന്നാണ് വി ഡി സതീശൻ അഭിപ്രായപ്പെട്ടത്. കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കിൽ എന്തുകൊണ്ട് ദേവസ്വം ബോർഡ് പോറ്റിക്കെതിരെ പരാതി നൽകിയില്ലെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. പോറ്റി കുടുങ്ങിയാൽ പലരും കുടുങ്ങും എന്ന് സി പി എമ്മിന് അറിയാമായിരുന്നു. ഇനി ചോദ്യം ചെയ്യേണ്ടത് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ ദേവസ്വം മന്ത്രി വാസവന്റെയും കൂടി അറിവോടുകൂടിയാണ് കൊള്ള നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ മൗനം എന്തിന്?
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം കൂടി ഇവർ കൊള്ളയടിക്കുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്. സി പി എമ്മിന്റെ അറിവോടുകൂടിയാണ് കൊള്ള നടന്നത്. സ്വന്തം നേതാക്കൾ ജയിലിലേക്ക് പോകുമ്പോൾ പാർട്ടിക്ക് ഒരു കുഴപ്പമില്ലെന്ന് പറയാൻ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാത്രമേ കഴിയൂ എന്നും സതീശൻ പരിഹസിച്ചു. എം വി ഗോവിന്ദന്‍റേത് അപാര തൊലിക്കട്ടി തന്നെയാണ്. കോടതി നേരിട്ട് ഇടപെട്ട് കോടതി നേരിട്ട് ഇടപെട്ടത് കൊണ്ടതാണ് അന്വേഷണം ഇത്ര മുന്നോട്ട് പോയത്. അല്ലായെങ്കിൽ നവീൻ ബാബുവിന്റെ കേസന്വേഷിച്ച ഉദ്യോഗസ്ഥൻ സ്ഥാനാർഥിയായതുപോലെ ഇവിടെയും കാണാമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ആരായാലും തൂക്കി എടുത്ത് അകത്ത് ഇടും
അതേസമയം ശബരിമല സ്വർണ്ണ കൊള്ള അന്വേഷണത്തിൽ കർശന നടപടി ഉറപ്പാണെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും രാജു എബ്രഹാം വ്യക്തമാക്കി. ഇനി പാർട്ടി പ്രവർത്തകൻ ആണെങ്കിലും കർശന നടപടി ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാൻ ആണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ കർശന നടപടി ഉണ്ടാകുമെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി വിവരിച്ചു. ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണത്തിലൂടെ ഭക്തരുടെ വിശ്വാസം സർക്കാർ നേടിയെന്നും രാജു എബ്രഹാം അഭിപ്രായപ്പെട്ടു.


