Asianet News MalayalamAsianet News Malayalam

ശബരിമലയിലെ വരുമാനം 357.47 കോടി, കഴിഞ്ഞ സീസണിലേതിനെക്കാൾ 10 കോടിയുടെ വർധനവ്

 അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല

sabarimala income 357 crores, 10 crore more compared to last year
Author
First Published Jan 20, 2024, 11:42 AM IST

തിരുവനന്തപുരം: 2023-24 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോർഡ് പ്രസിഡന്‍റ്  പി. എസ്. പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വർഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനവാണ് വരുമാനത്തിലുണ്ടായത്. അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ്  അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്.  

ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങൾക്ക് മുൻപെ തന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ്  പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ  നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോ​ഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി. തുടർന്ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലും വിവിധ യോ​ഗങ്ങൾ നടത്തി പുരോ​ഗതി വിലയിരുത്തി. എല്ലാ വകുപ്പുകളുടെയും ആത്മാർഥമായ ഏകോപനം കൂടി ആയപ്പോൾ ഇത്തവണത്തെ തീർഥാടനം ഭം​ഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വെച്ച് ചില ക്ഷുദ്രശക്തികൾ വ്യാജപ്രചാരണങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും അതെല്ലാം അതിജീവിച്ച് തീർഥാടനം സു​ഗമമാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശുചീകരണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായി. നിലയ്ക്കലിൽ 1100 ഉം പമ്പയിൽ 500 ഉം കണ്ടെയ്നർ ടോയ്ലറ്റുകളും ഇതിന്‍റെ  ഭാ​ഗമായി സ്ഥാപിച്ചിരുന്നു. പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിൽ 1200 ഓളം ടോയ്ലറ്റുകളും സജ്ജമാക്കിയിരുന്നു. ഇത്തവണത്തേക്കാൾ മികച്ച സൗകര്യങ്ങളാകും അടുത്ത വർഷം ഒരുക്കുകയെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ്  കൂട്ടിച്ചേർത്തു.

Latest Videos
Follow Us:
Download App:
  • android
  • ios