Asianet News MalayalamAsianet News Malayalam

ശബരിമല മകരവിളക്ക്: കൊവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച് തീർത്ഥാടകരെ അനുവദിക്കും

തീര്‍ത്ഥാടകര്‍ക്ക് സാന്നിധാനത്ത് വിരിവെക്കാനുള്ള അനുവാദം ഉണ്ടായിരിക്കില്ല. ശബരിമല തീർഥാടനത്തിൽ ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ചുവെന്നും ദേവസ്വം പ്രസിഡന്‍റ്.

sabarimala makaravilakku pilgrims will be allowed following covid protocol
Author
Thiruvananthapuram, First Published Sep 28, 2020, 3:41 PM IST

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം കൊവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടത്താൻ തീരുമാനം. തീർത്ഥാടകരുടെ എണ്ണം കുറയ്ക്കും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്നും ദേവസ്വം പ്രസിഡന്‍റ് എൻ വാസു അറിയിച്ചു. 

കൊവിഡ്‌ പ്രോട്ടോക്കോൾ പാലിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും പ്രവേശിപ്പിക്കാം എന്നാണ് നിലവിലെ ധാരണ. കൊവിഡ് രോ​ഗ വ്യാപനം ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോ​ഗ്യവകുപ്പ് ആശങ്ക അറിയിച്ചതായും ദേവസ്വം പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞു. പമ്പ നിലയ്ക്കൽ റോഡ് പണി തുലാമാസം ഒന്നിന് മുൻപ് നന്നാക്കും. തീര്‍ത്ഥാടകരെ സാന്നിധാനത്ത് വിരിവെക്കാൻ അനുവദിക്കില്ലെന്നും ദര്‍ശന ശേഷം മടങ്ങുന്ന സംവിധാനമായിരിക്കും ഉണ്ടായിരിക്കുക എന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു. അന്നദാനം പരിമിതമായ തോതിൽ നടത്താനും തീരുമാനമായി. ഈ വർഷം കടകളിലേക്കുള്ള ലേലം ഇതുവരെ ആയിട്ടില്ലെന്നും ലേലത്തിന് കച്ചവടക്കാർ വിമുഖത കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Follow Us:
Download App:
  • android
  • ios