Asianet News MalayalamAsianet News Malayalam

41 ദിവസത്തെ കഠിനവൃതകാലത്തിന് പരിസമാപ്തി, ശബരിമലയിൽ ഇന്ന് മണ്ഡലപൂജ, നടയടക്കും; മകരവിളക്കിന് വിപുലമായ ഒരുക്കങ്ങൾ

ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും

Sabarimala Mandala Puja today Makaravilakku is on January 15 Sabarimala pilgrim all details here asd
Author
First Published Dec 27, 2023, 12:01 AM IST

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. രാവിലെ 10.30 നും 11.30 നും ഇടയിലാകും മണ്ഡലപൂജ നടക്കുക. മണ്ഡലപൂജയ്ക്ക് ശേഷം താത്കാലികമായി നടയടക്കും. ശേഷം ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കും. 41 ദിവസത്തെ കഠിനവൃതകാലത്തിനു പരിസമാപ്തി കുറിച്ചുകൊണ്ടുള്ള തങ്കയങ്കി ഘോഷയാത്ര ഇന്നലെ രാത്രിയോടെ ശബരിമല സന്നിധാനത്ത് എത്തിയിരുന്നു. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പനെ കാണാന്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്.

ഭക്തിസാന്ദ്രം ശബരിമല, തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത്; മകരവിളക്കിന് സ്പോട്ട് ബുക്കിംഗ് 80000 ആക്കും

മകരവിളക്കിന് വിപുലമായ ഒരുക്കം

ഇക്കുറി വലിയ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിൽ മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. മകരവിളക്കിന് സ്പോട്ട് ബുക്കിങ് 80,000 ആക്കുമെന്നതടക്കമുള്ള കാര്യങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 30 ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധക്രിയകൾ ജനുവരി 13 ന് വൈകിട്ട് നടക്കും. ജനുവരി 14 ന് രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് വെളുപ്പിന് 2.46 ന് മകരസംക്രമ പൂജ നടക്കും. പതിവുപൂജകൾക്കുശേഷം വൈകിട്ട് അഞ്ച് മണിക്കാകും അന്ന് നട തുറക്കുക. തുടർന്ന് തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തി ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15,16,17,18,19 തിയതികളിൽ എഴുന്നുള്ളിപ്പും നടക്കും. 19 ന് ശരംകുത്തിയിലേക്ക് എഴുന്നുള്ളത്ത് നടക്കും. ജനുവരി 20 വരെ ഭക്തർക്കു ദർശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. ജനുവരി 21 ന് രാവിലെ പന്തളരാജാവിനു മാത്രം ദർശനം, തുടർന്ന് നട അടയ്ക്കും.

നടവരവിൽ ഇടിവോ?

അതേസമയം ശബരിമലയിൽ ഇക്കുറി നടവരവ് 204.30 കോടി രൂപയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചത്. മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോളുള്ള കണക്കാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഇന്നലെ പുറത്തുവിട്ടത്. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം 222.98 കോടിയായിരുന്നു ശബരിമലയിലെ വരുമാനം. അതായത് കഴിഞ്ഞ തവണത്തേക്കാൾ 18 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇത്തവണത്തെ കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ നിലവിലെ കണക്കിൽ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് ദേവസ്വം ബോർഡിന്‍റെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios