Asianet News MalayalamAsianet News Malayalam

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു

വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണീര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിച്ചു.

sabarimala nada open mandala makaravilakku season
Author
Pathanamthitta, First Published Nov 16, 2019, 5:03 PM IST

സന്നിധാനം: മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു. സന്നിധാനം, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇന്ന് നടക്കും. ഇന്ന് പ്രത്യേകപൂജകള്‍ ഇല്ല. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഇത്തവണയും ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്.

വൈകിട്ട് അഞ്ച് മണിയോടെ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിച്ചത്. അൽപസമയത്തിനകം ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും. ശബരിമല മേൽശാന്തിയായി എ കെ സുധീർ നമ്പൂതിരിയും, മാളികപ്പുറം മേൽശാന്തിയായി എം എസ് പരമേശ്വരൻ നമ്പൂതിരിയും സ്ഥാനമേൽക്കും.

നെയ്‍വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് താഴെയുള്ള ആഴിയിലേക്ക് അഗ്നി പകരും. അതിന് ശേഷം ഇന്നത്തെ പ്രധാനചടങ്ങുകൾ അവസാനിക്കും. തുടർന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലർച്ചെ നാല് മണിയ്ക്കാണ് നട തുറക്കുക.

സുരക്ഷ ശക്തം

സുരക്ഷ കണക്കിലെടുത്ത് അഞ്ച് സെക്ടറുകളായി തിരിച്ച്  പതിനായിരം പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കൂടാതെ വനമേഖലയിലും പ്രത്യേക നിരീക്ഷണം ഉണ്ടാകും. പരമ്പരാഗത കാനനപാതകള്‍ വഴി തീർത്ഥാടകരെ കയറ്റിവിടുന്നതിന് കർശന നിയന്ത്രണങ്ങളാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നും കെഎസ്ആര്‍ടിസി ബസ്സ് സർവ്വീസുകള്‍ തുടങ്ങി. പമ്പ, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ ആശുപത്രികളുടെ പ്രവര്‍ത്തനവും ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios