പതിനഞ്ച് കോടി എൺപത്തി ഒൻപത് ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി എഴുപത്തി അഞ്ച് രൂപയുടെ വർധനവ്
പത്തനംതിട്ട: ശബരിമലയിൽ ഇക്കുറി വരുമാനത്തിൽ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തിൽ ഇക്കുറി വലിയ വർധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്‍റ് വിവരിച്ചത്. കഴിഞ്ഞ വർഷം ആദ്യ 12 ദിവസത്തെ വരുമാനം 47,12,01,536 ( നാൽപത്തി ഏഴ് കോടി പന്ത്രണ്ടു ലക്ഷത്തി ആയിരത്തി അഞ്ഞൂറ്റി മുപ്പത്തിയാറ് ) രൂപയായിരുന്നു. എന്നാൽ ഇത്തവണ ആദ്യ 12 ദിവസം 63,01,14,111( അറുപത്തി മൂന്ന് കോടി ഒരു ലക്ഷത്തി പതിനാലായിരത്തി ഒരുന്നൂറ്റി പതിനൊന്ന് ) രൂപയാണ് ലഭിച്ചിരിക്കുന്നത്. 15,89,12,575 ( പതിനഞ്ച് കോടി എൺപത്തി ഒൻപത് ലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ്റി എഴുപത്തി അഞ്ച് ) രൂപയുടെ അധിക വരുമാനം ലഭിച്ചെന്നാണ് ശബരിമല തീർത്ഥാടന അവലോകന യോഗത്തിന് ശേഷം ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞത്.
അതിനിടെ ശബരിമലയുമായി ബന്ധപ്പെട്ട് പുറത്തുവന്ന മറ്റൊരു വാർത്ത പതിനെട്ടാം പടിയിൽ പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതാണ്. മനഃപൂര്‍വ്വമായിരിക്കില്ലെങ്കിലും ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ശബരിമലയില്‍ അഭിനന്ദനാർഹമായ കാര്യങ്ങൾ പൊലീസ് ചെയ്യുന്നുണ്ടെന്നും ഭക്തരുടെ സുരക്ഷിത തീർത്ഥാടനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ ഇത്തരം നടപടികൾ അനുവദനീയമല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അതേസമയം ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ പൊലീസുകാര്‍ക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടിയാണ് നടപടിയെടുത്തത്. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത 23 പൊലീസുകാരെ കണ്ണൂർ കെ എ പി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയക്കാൻ തീരുമാനിച്ചത്. ഡ്യൂട്ടിയിലുിണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാം പടിയിൽ പുറതിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജുവിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എ ഡി ജി പി എസ് ശ്രീജിത്ത് നടപടിക്ക് നിർദ്ദേശം നൽകിയത്.
